ജില്ലാപഞ്ചായത്ത് വൃക്കരോഗികൾക്കു നീക്കിവച്ച ഫണ്ട് വകമാറ്റാൻ ഒരുങ്ങുന്നു
1516469
Friday, February 21, 2025 11:48 PM IST
ഉപ്പുതറ: പഞ്ചായത്തുകളുടെ നിസ്സഹകരണം മൂലം വൃക്കരോഗികളെ സഹായിക്കാൻ നീക്കിവച്ച 50 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകമാറ്റും. പാവപ്പെട്ട വൃക്ക രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് നടത്താൻ സാമ്പത്തിക സഹായം നൽകുന്നതിനാണ് ജില്ലാ പഞ്ചായത്ത് ബജറ്റിൽ 50 ലക്ഷം രൂപ നീക്കിവച്ചത്. മുൻവർഷം മൂന്നു കോടി രൂപ ജില്ലാ പഞ്ചായത്ത് ഇതേ പദ്ധതിക്ക് ചെലവഴിച്ചിരുന്നു. അപേക്ഷരുണ്ടെങ്കിൽ ഈ വർഷവും മൂന്നു കോടി രൂപവരെ നൽകാൻ ജില്ലാ പഞ്ചായത്തിനു പദ്ധതി ഉണ്ടായിരുന്നു. രോഗികളുടെ അപേക്ഷ സമാഹരിച്ച് പട്ടിക തയ്യാറാക്കി നൽകേണ്ടത് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളാണ്.
അപേക്ഷ സ്വീകരിച്ച് പട്ടിക നൽകാൻ പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അടിമാലി പഞ്ചായത്ത് മാത്രമാണ് ഇതുവരെ രോഗികളുടെ അപേക്ഷ സ്വീകരിച്ച് ജില്ലാ പഞ്ചായത്തിന് പട്ടിക നൽകിയത്. രണ്ടു ലക്ഷത്തിൽ താഴെയുള്ള തുകയാണ് അടിമാലി പഞ്ചായത്ത് നൽകിയത്. ബാക്കി 51 പഞ്ചായത്തുകളും ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. 28നകം സഹായം ആവശ്യമായ രോഗികളുടെ പട്ടിക നൽകണമെന്ന് 21 ന് പഞ്ചായത്തുകൾക്ക് വീണ്ടും കത്തു നൽകിയിരിക്കുകയാണ്. 28 ന് മുൻപ്
ചെലവഴിക്കാൻ കഴിയാത്ത ഫണ്ട് മറ്റേതെങ്കിലും പദ്ധതിയിലേക്ക് മാറ്റാനാണ് സർക്കാർ നിർദ്ദേശം. 28 ന് മുൻപ് പഞ്ചായത്തുകൾ രോഗികളുടെ പട്ടികയും ആവശ്യമായ തുകയുടെ വിശദാംശങ്ങളും നൽകിയില്ലെങ്കിൽ അനുവദിച്ച ഫണ്ട് വകമാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി അറിയിച്ചു.
സ്വകാര്യ ആശുപത്രിയിൽ ഒരു ഡയാലിസിസിന് വിധേയരാകുന്ന ഒരു രോഗിക്ക് 1200 രൂപ ക്രമത്തിലാണ് ധനസഹായം നൽകുന്നത്. 800 രൂപയേ രോഗിക്ക് ചെലവാകൂ. ജില്ലാ-താലൂക്ക് ആശുപത്രികളിൽ ജില്ലാ പഞ്ചായത്ത് നേരിട്ടാണ് ചെലവ് വഹിക്കുന്നത്. എന്നാലിവിടെ സൗകര്യങ്ങൾ പരിമിതമാണ്.