ജില്ലാ പിഎസ്സി ഓഫീസിന്റെ ശിലാസ്ഥാപനം നാളെ
1515770
Wednesday, February 19, 2025 11:26 PM IST
കട്ടപ്പന: കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസിന് സ്വന്തം കെട്ടിടമെന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നു. നാളെ രാവിലെ 10.30ന് കട്ടപ്പന മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ ശിലാസ്ഥാപനം നിർവഹിക്കും.
1984 വരെ കോട്ടയം ജില്ലാ പി എസ്സി ഓഫിസിനോടൊപ്പമാണ് ഇടുക്കി ജില്ലാ പിഎസ്സി ഓഫീസും പ്രവർത്തിച്ചിരുന്നത്. 1984 ലാണ് ഇടുക്കി ജില്ലയിലെ കട്ടപ്പന ഓശാനം സ്കൂളിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് ഓഫീസ് മാറിയത്. തുടർന്ന് കട്ടപ്പന ദീപിക ബിൽഡിംഗിലും പ്രവർത്തിച്ചു. 2002 മുതൽ കട്ടപ്പന ഹൗസിംഗ് ബോർഡ് കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
കട്ടപ്പന അമ്പലക്കവല ജംഗ്ഷനിൽ ക്ഷേത്രത്തിന് എതിർവശത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. 20 സെന്റ് സ്ഥലത്ത് മൂന്ന് നിലകളുള്ള കെട്ടിട സമുച്ചയം 13842.5 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമിക്കുന്നത്. ഓൺലൈൻ പരീക്ഷാകേന്ദ്രവും പുതിയ കെട്ടിടത്തിലുണ്ടാവും. ഇരുന്നൂറിലധികം ഉദ്യോഗാർഥികൾക്ക് ഒരേ സമയം ഓൺലൈൻ പരീക്ഷ എഴുതാനുള്ള സൗകര്യമാണ് ഒരുക്കുക.
ശിലാസ്ഥാപന ചടങ്ങിൽ പി എസ് സി ചെയർമാൻ ഡോ.എം.ആർ. ബൈജു അധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി, കമ്മീഷനംഗങ്ങളായ എസ്. വിജയകുമാരൻ നായർ, ഡോ. മിനി സക്കറിയാസ്, കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി, ജില്ലാ കലക്ടർ വി.വിഘ്നേശ്വരി, നഗരസഭാ കൗൺസിലർമാരായ ജാൻസി ബേബി, സോണിയ ജെയ്ബി എന്നിവർ പങ്കെടുക്കും.