കാന്പസുകളിൽ റാഗിംഗ്; നിലവിളിക്ക് അറുതിവരുത്താൻ ആരുമില്ലേ?
1516121
Friday, February 21, 2025 12:00 AM IST
തൊടുപുഴ: അറിവിന്റെയും സംസ്കാരത്തിന്റെയും വിളനിലമായി പ്രശോഭിക്കേണ്ട കലാലയങ്ങളിൽനിന്നും ഏതാനും നാളുകളായി ഉയരുന്നത് മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന കദനകഥകളാണ്. അതിക്രൂരമായ റാഗിംഗിന് ഇരയാകുന്ന വിദ്യാർഥികൾക്കായി ശബ്ദം ഉയർത്താനും അവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും തയാറാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ ഇടയാക്കുന്നത്.
നിലവിലെ നിയമമനുസരിച്ച് റാഗിംഗ് നടത്തിയാൽ രണ്ടുവർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ഇതിനു പുറമേ പഠനവിലക്കുമുണ്ടാകും. ഇത്തരം പൈശാചിക കൃത്യങ്ങൾ നടത്തുന്നവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുന്നതിനു നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടത് അനിവാര്യമാണ്. ഇതിനു പുറമേ കോളജുകളിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്റി റാഗിംഗ് സെല്ലുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനു നടപടി ഉണ്ടായേ മതിയാകൂ.
ഏതെങ്കിലും സംഭവങ്ങൾ ഉണ്ടാകുന്പോൾ ആന്റി റാഗിംഗ് സെല്ലുകളും മറ്റും ആരംഭിക്കുമെങ്കിലും പിന്നീട് പ്രവർത്തനങ്ങൾ ഇല്ലാത്ത സ്ഥിതിയാണുണ്ടാകുന്നത്. സർക്കാരും വിദ്യാഭ്യാസ വകുപ്പും കാന്പസ് അധികൃതരും പോലീസുമെല്ലാം ഉണർന്നു പ്രവർത്തിച്ചാലേ ഇത്തരം സംഭവങ്ങൾ വേരോടെ പിഴുതെറിയാനാകൂ.
റാഗിംഗ് നടത്തുന്നവർക്ക് വിദ്യാർഥി സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ലഭിക്കുന്നത് ഇല്ലാതായാലേ ഇത്തരം സംഭവങ്ങൾക്ക് അറുതിവരുത്താനാകൂ. സംശുദ്ധമായ കലാലയ രാഷ്ട്രീയവും സംഘടനാ പ്രവർത്തനവും കാന്പസുകളിൽ പുനഃസ്ഥാപിക്കപ്പെടണം. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ സംഘടനയിൽനിന്നു പുറത്താക്കാനുള്ള ആർജവവും ഇച്ഛാശക്തിയും വിദ്യാർഥി സംഘടനകൾക്കുണ്ടാകണം. എങ്കിലേ കലാലയങ്ങൾ സമാധാനപരമായ പഠനാന്തരീക്ഷം നിലനിൽക്കുന്ന ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുകയുള്ളു.
റാഗിംഗിനെതിരേ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനൊപ്പം സ്കൂളുകളിലും കോളജുകളിലും ബോധവത്കരണ സെമിനാറുകൾ നടത്തുന്നതും നല്ലതാണ്. റാഗിംഗിനെതിരേ പൊതുസമൂഹത്തെ പങ്കെടുപ്പിച്ച്, കൂട്ടയോട്ടം, ഫ്ളാഷ്മോബ്, കലാ,സാഹിത്യ പ്രദർശനങ്ങൾ, കലാസാഹിത്യ മത്സരങ്ങൾ എന്നിവ നടത്താനാകും.
ഇടുക്കി ജില്ലയിലെ കാന്പസുകളിൽ നിന്നു റാഗിംഗ് സംബന്ധിച്ച് പരാതികൾ പുറത്തുവന്നിട്ടില്ലെങ്കിലും കാന്പസുകളിൽ ആവശ്യമായ ജാഗ്രതയും മുൻകരുതലും എടുത്തേ മതിയാകൂ. കോട്ടയം ഗവ. നഴ്സിംഗ് കോളജിലും കാര്യവട്ടം കാന്പസിലും അടുത്തിടെയുണ്ടായ അതിക്രൂരമായ റാഗിംഗ് കലാലയങ്ങളിൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പാണ് നൽകുന്നത്.
നിയമം കർശനമാക്കണം:
അഡ്വ. ആൽബർട്ട് ജോസ്
(ആന്റി റാഗിംഗ് കമ്മിറ്റി മെംബർ, ഗവ. പോളിടെക്നിക് കോളജ്, മുട്ടം)
റാഗിംഗ് പ്രാകൃത സംസ്കാരമാണ്. നിയമം ഉണ്ടെങ്കിലും അതു യഥാസമയം നടപ്പാക്കാൻ കഴിയാത്തതാണ് റാഗിംഗ് പോലുള്ള സംഭവങ്ങൾക്ക് കാരണമായിത്തീരുന്നത്. അതിനാൽ നിയമം കർക്കശമാക്കുകയും റാഗിംഗ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ കൃത്യമായ നിയമനടപടിയുണ്ടാകുകയും വേണം.
രക്ഷാകർത്താക്കളും അധ്യാപകരും പൊതുസമൂഹവും അധികൃതർക്കൊപ്പം കൈകോർത്താലെ ഈ തിന്മയിൽനിന്നു കലാലയങ്ങളെ മോചിപ്പിക്കാനാവൂ.
ബോധവത്കരണം അനിവാര്യം:
ഡോ. ജോസ് സെബാസ്റ്റ്യൻ
(വൈസ് പ്രിൻസിപ്പൽ,
യൂണിവേഴ്സിറ്റി കോളജ് ഓഫ്
എൻജിനിയറിംഗ്, മുട്ടം)
വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്നും പൂർണമായും ഇല്ലാതായി എന്നു കരുതിയ റാഗിംഗ് പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചുവരുന്ന പ്രവണത എന്തുവിലകൊടുത്തും തടയണം. വിദ്യാർഥികൾക്ക് നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കാൻ റാഗിംഗ് വിരുദ്ധ ബോധവത്കരണം നടത്തണം.
റാഗിംഗിനുള്ള ശിക്ഷാനടപടികൾ സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധ്യം നൽകണം. റാഗിംഗ് സംബന്ധിച്ച പരാതികൾ ഓണ്ലൈനായി നൽകാൻ സർവകലാശാലകളും യുജിസി തുടങ്ങിയ സ്ഥാപനങ്ങളും സൗകര്യം ഒരുക്കിയിട്ടുണ്ട്. പരാതികളിൽ അടിയന്തര നടപടി സ്വീകരിച്ച് നീതി ഉറപ്പാക്കണം.
കൂട്ടായ ഇടപെടൽ വേണം:
സാബു അഗസ്റ്റിൻ
(റിട്ട. എയർഫോഴ്സ്, പുളിക്കൽ,
മൂലമറ്റം, രക്ഷകർത്താവ്,
ന്യൂമാൻ കോളജ്, തൊടുപുഴ)
കേരളത്തിലെ കലാലയ അന്തരീക്ഷത്തെ മലീമസമാക്കുന്ന റാഗിംഗിനെതിരേ കർശന നടപടി വേണം. വിദ്യാഭ്യാസത്തിലൂടെ മൂല്യങ്ങളും സ്വഭാവ മഹിമയും നേടിയെടുക്കാൻ കഴിയുന്നില്ലെങ്കിൽ അറിവ് നിരർത്ഥകമാകും.
നല്ല മനുഷ്യനെ സൃഷ്ടിക്കാൻ കഴിയുന്നില്ലെങ്കിൽ അതു വിദ്യാഭ്യാസമല്ല മറിച്ച് വിദ്യ ആഭാസമാണ് എന്നതിൽ സംശയമില്ല. റാഗിംഗിനെതിരേ വിദ്യാർഥികളും കാന്പസ് അധികൃതരും പൊതുസമൂഹവും സർക്കാരും നിയമപാലകരും ഒരുമിച്ച് കൈകോർക്കണം.
ശക്തമായ തിരുത്തൽ വേണം:
റവ. ഡോ. ബെന്നോ പുതിയാപറന്പിൽ
(പ്രിൻസിപ്പൽ, പാവനാത്മ
കോളജ് മുരിക്കാശേരി)
രാജ്യത്തിന്റെ ഭാവിഭാഗധേയം നിർണയിക്കപ്പെടുന്നത് ക്ലാസ് മുറികളിലാണ്. എന്നാൽ, മനുഷ്യത്വം മരവിച്ചുപോകുന്ന രീതിയിലുള്ള പെരുമാറ്റം പ്രാകൃതമാണ്.
യുവതലമുറയിലെ ചുരുക്കംപേർ റാഗിംഗ് പോലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് ന്യായീകരിക്കാനാവില്ല. ശക്തമായ തിരുത്തൽ നടപടികൾ ഉണ്ടായാലേ റാഗിംഗിൽനിന്നു കലാലയങ്ങളെ സംരക്ഷിക്കാൻ കഴിയൂ. ഇതിന് എല്ലാവരും ഉണർന്നു പ്രവർത്തിക്കണം.
പ്രതികരണ ശേഷിയുണ്ടാകണം:
ഫാ. ബെൻസൻ എൻ. ആന്റണി
(ബർസാർ ന്യൂമാൻ കോളജ്
തൊടുപുഴ)
ശക്തമായ നിയമനിർമാണങ്ങൾക്കൊപ്പം അധ്യാപകരിലും വിദ്യാർഥികളിലും നീതിബോധവും പ്രതികരണശേഷിയും വളർത്തിയെടുക്കുന്ന കലാലയാന്തരീക്ഷം സൃഷ്ടിച്ചെടുക്കണം.
കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും സാമൂഹിക അസമത്വങ്ങൾക്കും മാനസിക സംഘർഷങ്ങൾക്കും കാരണമാകുന്നതാണ് റാഗിംഗ് എന്ന സാമൂഹികവിപത്ത്.
റാഗിംഗിനെ തുടച്ചുമാറ്റാൻ സമൂഹത്തിന്റെ കൂട്ടായ പരിശ്രമമാണ് ആവശ്യം.
കർശന നിയമം നടപ്പാക്കണം:
ഫാ. ജോണ്സണ് ഒറോപ്ലാക്കൽ
(പ്രിൻസിപ്പൽ, സെന്റ് തോമസ്
കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ മൈലക്കൊന്പ് )
കോളജുകളിലെ റാഗിംഗ് ഗൗരവമായ സാമൂഹിക പ്രശ്നമാണ്. സാധാരണയായി പുതിയ വിദ്യാർഥികൾ നേരിടുന്നത് മാനസിക, ശാരീരിക പീഡനങ്ങളായിരിക്കും.
ഇത് പലപ്പോഴും വിദ്യാർഥികളുടെ പഠനോത്സാഹം, ആത്മവിശ്വാസം എന്നിവയെ ബാധിക്കുന്നു. അതിനാൽ റാഗിംഗിനെതിരേ കർശനമായ നിയമങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും നടപ്പാക്കുന്നതോടൊപ്പം ബോധവത്കരണവും നടത്തണം.