നിസിയുടെ പൈലറ്റാകാനുള്ള മോഹത്തിന് ചിറകു മുളയ്ക്കുന്നു
1515636
Wednesday, February 19, 2025 6:02 AM IST
തൊടുപുഴ: ഇടുക്കിയിൽനിന്നു ആദിവാസി വിഭാഗത്തിൽപ്പെട്ട വണ്ണപ്പുറം പുളിക്കത്തൊട്ടി കാവുംവാതുക്കൽ നിസി റോയിയുടെ പൈലറ്റാകാനുള്ള സ്വപ്നത്തിന് ചിറകുമുളയ്ക്കുന്നു. ജില്ലയിൽനിന്നു ആദ്യമായാണ് ആദിവാസിവിഭാഗത്തിൽപ്പെട്ട വിദ്യാർഥിനിക്ക് ഇതിനുള്ള അവസരം ലഭ്യമാകുന്നത്.
ചെറുപ്പംമുതൽ മനസിൽമൊട്ടിട്ട മോഹമാണ് പൂവണിയുന്നത്. ഒന്നാംക്ലാസ് മുതൽ പ്ലസ്ടു വരെ പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. ഇവിടെനിന്നു ഉയർന്ന മാർക്കോടെ പാസായ നിസി എൻട്രൻസ് പരീക്ഷയിലൂടെ കോഴിക്കോട് എൻഐടിയിൽ പ്രവേശനം നേടിയിരുന്നു.
മെക്കാനിക്കൽ എൻജിനിയറിംഗ് പഠനം മൂന്നു വർഷം പിന്നിടുന്പോഴാണ് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടാനുള്ള (സിപിഎൽ) സുവർണാവസരം കൈവന്നത്. സംസ്ഥാന സർക്കാർ 2021-ൽ ആരംഭിച്ച വിംഗ്സ് പദ്ധതിയിലൂടെയാണ് പഠനം. മൂന്നുവർഷത്തെ പഠനത്തിന് 32,20,000 ലക്ഷം രൂപ സർക്കാർ ഗ്രാന്‍ഡ് നൽകും. ആദ്യഗഡുവായി 12,20,000 രൂപ പട്ടികവർഗവികസന വകുപ്പ് കൈമാറി.
ചെറുവിമാനങ്ങളും ഡ്രോണുകളും നിർമിച്ചിട്ടുള്ള നിസിക്ക് ഹെവി ഡ്രൈവിംഗ് ലൈസൻസുണ്ട്. ഈ മാസംഅവസാനം ക്ലാസുകൾ ആരംഭിക്കും. ഒറ്റ എൻജിൻ പറത്താനുള്ള ലൈസൻസാണ് ഈ കോഴ്സിലൂടെ ലഭിക്കുന്നത്. തുടർന്നു വലിയ വിമാനങ്ങൾ പറത്താനുള്ള ലൈസൻസ് എടുക്കാനാണ് തീരുമാനം.
വണ്ണപ്പുറം പുളിക്കത്തൊട്ടി കാവുംവാതുക്കൽ കെ.എം.റോയി-മേഴ്സി ദന്പതികളുടെ മകളാണ്. പൈനാവ് എൻജിനിയറിംഗ് കോളജിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പിതാവ് റോയിയുടെ ഇവിടെയുള്ള ക്വാർട്ടേഴ്സിലാണ് കുടുംബം വർഷങ്ങളായി താമസിക്കുന്നത്. സഹോദരൻ: സാമുവൽ പൈനാവ് ഗവ. പോളിടെക്നിക്ക് കോളജ് വിദ്യാർഥിയാണ്.