കരുണാപുരം വില്ലേജ് ഓഫീസിന് പുരസ്കാരം
1516461
Friday, February 21, 2025 11:47 PM IST
നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കിലെ കരുണാപുരം വില്ലേജ് ഓഫീസിനെ ജില്ലയിലെ മികച്ച ഒാഫീസായി തെരഞ്ഞെടുത്തു. 1982 ല്‍ നിലവില്‍വന്ന കരുണാപുരം വില്ലേജ് ഓഫീസ് 2023 ല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി മാറി. കരുണാപുരം വില്ലേജ് ഓഫീസര്‍ ടി.എ. പ്രദീപ് രണ്ടാം തവണയാണ് മികച്ച വില്ലേജ് ഓഫീസിനുള്ള നേട്ടം കൈവരിച്ചത്. ഇദ്ദേഹം മുമ്പു ജോലിചെയ്തിരുന്ന പാറത്തോട് വില്ലേജ് ഓഫീസിനെയും മികച്ച വില്ലേജ് ഓഫീസായി 2022 ല്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോ വില്ലേജ് ഓഫീസുകള്‍ വീതമാണ് മികച്ചതായി തെരഞ്ഞെടുത്തത്. കരുണാപുരം വില്ലേജ് ഓഫീസിലാണ് ഇ-ഓഫീസ് പദ്ധതിയിലൂടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫയലുകള്‍ കൈകാര്യം ചെയ്തത്.
വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ഓഫീസിന്റെ സ്ഥലത്ത് വാഴ, സൂര്യകാന്തി എന്നിവ സമൃദ്ധമായി കൃഷി ചെയ്തിട്ടുണ്ട്. സമയബന്ധിതമായി റവന്യൂ റിക്കവറി പിരിവുകള്‍ പൂര്‍ത്തീകരിക്കല്‍, ഓഫീസില്‍ എത്തുന്നവര്‍ക്ക് വിരസത അനുഭവപ്പെടാതിരിക്കാന്‍ പത്രം, സംഗീതം, മാസികകള്‍ എന്നിവ ക്രമീകരിക്കല്‍, പ്രകൃതിക്ഷോഭ കാലത്തെ മികച്ച ഇടപെടല്‍, സര്ക്കാരിലേക്കുളള റവന്യു വരുമാനം ഉയര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് മികച്ച വില്ലേജ് ഓഫീസായി കരുണാപുരത്തെ തെരഞ്ഞെടുത്തത്. വില്ലേജ് ഓഫീസ് പരിധിയില്‍ തനിച്ചു താമസിക്കുന്നവര്‍, പ്രായാധിക്യമുള്ളവര്‍, ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിന് നടത്തിയ മികച്ച ഇടപെടലുകളും അവാര്‍ഡിനായി പരിഗണിച്ചു.