കാട്ടാന പ്രതിരോധ നടപടി അനിശ്ചിതത്വത്തിൽ
1515772
Wednesday, February 19, 2025 11:26 PM IST
തൊടുപുഴ: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട മുള്ളരിങ്ങാട്ട് കാട്ടാന പ്രതിരോധത്തിനായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാഴ്വാക്കായി. സംഭവം നടന്ന് 50 ദിവസം പിന്നിടുന്പോഴും പ്രതിരോധ പ്രവർത്തനങ്ങളൊന്നും നടത്താനോ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിനുള്ള രണ്ടാം ഗഡു നഷ്ടപരിഹാരം നൽകാനോ വനംവകുപ്പിന് കഴിയാത്തത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടന്ന സിറ്റിംഗിൽ മനുഷ്യാവകാശ കമ്മീഷനും വനംവകുപ്പിന്റെ നടപടിയെ വിമർശിച്ചിരുന്നു. ഇപ്പോഴും ജനവാസ മേഖലയിലേയ്ക്ക് കാട്ടാന കടക്കാതിരിക്കാൻ തീ കൂട്ടിയും മറ്റും പ്രതിരോധം തീർത്ത് നാട്ടുകാർ ഉറങ്ങാതെ കാത്തിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബർ 29-നാണ് മുള്ളരിങ്ങാട് അമയൽതൊട്ടിയിൽ പാലിയത്ത് അമർ ഇബ്രാഹിം കാട്ടാന ആക്രമണത്തിൽ മരിച്ചത്. സുഹൃത്ത് മൻസൂറിനു പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് നാട്ടുകാർ വലിയ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് അടിയന്തരമായി പ്രദേശത്ത് ഫെൻസിംഗ് തീർക്കുമെന്നും മറ്റ് പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് ഉറപ്പു നൽകിയത്.
എന്നാൽ ജനവാസ മേഖലയിൽ ഒരു കിലോമീറ്റർ ദൂരത്തു പോലും ഫെൻസിംഗ് സ്ഥാപിക്കാൻ അധികൃതർക്കായിട്ടില്ല. ഫെൻസിംഗ് നിർമാണത്തിനായി പി.ജെ.ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും ഡീൻ കുര്യാക്കോസ് എംപി എട്ടു ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ ഫണ്ട് അനുവദിച്ചെങ്കിലും ഇതിനായി എസ്റ്റിമേറ്റ് തയാറാക്കുക മാത്രമാണ് ചെയ്തത്. തുടർ നടപടികൾ ആരംഭിച്ചിട്ടില്ല.
ഇതിനിടെ പ്രദേശത്ത് നാട്ടുകാരുടെ ആനപ്പേടി ഇപ്പോഴും തുടരുകയാണ്. മുള്ളരിങ്ങാട് ഭാഗത്തേയ്ക്കുള്ള പ്രധാന പാതകളായ ചാത്തമറ്റം-മുള്ളരിങ്ങാട്, തലക്കോട്-മുള്ളരിങ്ങാട് റോഡുകൾ വനമേഖലയിലൂടെയാണ് കടന്നു പോകുന്നത്. ഈ പാതകളിൽ പലപ്പോഴും കാട്ടാനകളുടെ സാന്നിധ്യമുണ്ടാകും. അതിനാൽ ഇതുവഴിയുള്ള രാത്രി സഞ്ചാരം നാട്ടുകാർ ഉപേക്ഷിച്ചിരിക്കുകയാണ്. മറ്റൊരു പാതയായ വണ്ണപ്പുറം -മുള്ളരിങ്ങാട് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ഈ മേഖലയിൽ റോഡരികിലെ അടിക്കാടുകൾ പോലും വനംവകുപ്പ് വെട്ടി നീക്കിയിട്ടില്ല. അതിനാൽ ആനകൾ നിൽക്കുന്നത് വഴിയാത്രക്കാർക്ക് കാണാനാകില്ല. ഇതു മൂലം ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും കാട്ടാനയ്ക്കു മുന്നിൽ അകപ്പെടാൻ സാധ്യതയേറെയാണെന്ന് പ്രദേശ വാസികൾ പറയുന്നു. കൂടാതെ പാതയിൽ വഴിവിളക്കുകളുമില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ ജനറേറ്റർ വാടകയ്ക്കെടുത്ത് ലൈൻ വലിച്ച് റോഡിൽ താത്കാലികമായി വെളിച്ചം നൽകി വരികയാണ്.
ആനകൾ ജനവാസ മേഖലയിലേയ്ക്ക് കടക്കാതിരിക്കാൻ രണ്ടു മാസത്തോളമായി നാട്ടുകാർ ഉറക്കമിളച്ച് കാവലിരിക്കുകയാണ്. വനാതിർത്തിയിൽ ഒരു വേലിക്കപ്പുറമാണ് പലപ്പോഴും ആനകളുടെ സാന്നിധ്യമുള്ളത്. നാട്ടുകാർ തീ കൂട്ടിയും പടക്കം പൊട്ടിച്ചും പ്രതിരോധിക്കുന്നതിനാലാണ് ആനകൾ ഇവിടേയ്ക്ക് കടക്കാത്തത്.
എന്നാൽ ഏതു നിമിഷവും കാട്ടാനകൾ ജനവാസ മേഖലയിലേയ്ക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.ഇതിനിടെ കാട്ടാനകളുടെ ഭീഷണി നില നിൽക്കുന്നതിനാൽ പല വീട്ടുകാരും ഇവിടം വിട്ട് വാടക വീടുകളിലേക്കും മറ്റും മാറിത്തുടങ്ങിയിട്ടുണ്ട്.