സംസ്ഥാന പാതയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു
1516460
Friday, February 21, 2025 11:47 PM IST
നെടുങ്കണ്ടം: സംസ്ഥാന പാതയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. കുമളി-മൂന്നാര്‍, കമ്പംമെട്ട്-വണ്ണപ്പുറം ഹൈവേകളുടെ വശങ്ങളിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്. നെടുങ്കണ്ടത്തിനു സമീപം കൈലാസപാറ മുതല്‍ പാറത്തോടുവരെയുള്ള ഭാഗങ്ങളിലും കല്ലാര്‍ മുതല്‍ താന്നിമൂട് വരെയുള്ള ഭാഗങ്ങളിലുമാണ് ചാക്കുകളില്‍ കെട്ടിയും അല്ലാതെയും വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്.
റോഡിന്റെ ഇരുവശങ്ങളിലുമായി നൂറിലധികം ചാക്കുകളിലാണ് മാലിന്യം കിടക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍, തുണി, പേപ്പര്‍ തുടങ്ങിയവയും അറവുമാലിന്യങ്ങള്‍, ഹോട്ടല്‍ വേസ്റ്റുകള്‍, മുടി തുടങ്ങിയവയാണ് നിരവധി ചാക്കുകളിലും അല്ലാതെയും റോഡരുകില്‍ ഉപേക്ഷിച്ചിരിക്കുന്നത്. രണ്ടുകിലോമീറ്ററിലധികം വരുന്ന ദൂരത്തില്‍ പല ഭാഗങ്ങളിലായി മാലിന്യ ചാക്കുകള്‍ തള്ളിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ളവ തരം തിരിച്ച് വ്യത്യസ്ത ചാക്കുകളില്‍ ആക്കിയാണ് ഉപേക്ഷിച്ചിരിക്കുന്നത്. വാഹനത്തില്‍ എത്തിച്ച മാലിന്യം പാതയോരത്ത് ഉപേക്ഷിച്ചതാകാമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഭക്ഷണാവശിഷ്ടങ്ങളുംമറ്റും തെരുവുനായ്ക്കള്‍ റോഡിലേക്കും മറ്റും വലിച്ചിടുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. റോഡരുകില്‍ മാലിന്യം പ്രത്യക്ഷപ്പെട്ടിട്ട് ദിവസങ്ങള്‍ ആയെങ്കിലും ഇവ നീക്കം ചെയ്യുന്നതിനോ ആരാണ് മാലിന്യം തള്ളിയതെന്നു കണ്ടെത്തുന്നതിനോ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.