സ്വരാജ് പുരസ്കാരം : ഇരട്ടയാർ ജില്ലയിൽ ഒന്നാമത്, ഉടുന്പന്നൂരിന് രണ്ടാം സ്ഥാനം
1515633
Wednesday, February 19, 2025 6:02 AM IST
കട്ടപ്പന: ഇരട്ടയാര്‍ പഞ്ചായത്തിന് ജില്ലാതല സ്വരാജ് ട്രോഫി. ജില്ലയില്‍ രണ്ടാം സ്ഥാനം ഉടുമ്പന്നൂര്‍ പഞ്ചായത്തിനാണ്.ഒന്നാം സ്ഥാനക്കാർക്ക് 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും രണ്ടാമതെത്തിയ പഞ്ചായത്തിന് 10 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സ്വരാജ് ട്രോഫി തുടർച്ചയായി രണ്ടാം തവണയാണ് ഉടുമ്പന്നൂർ നേടുന്നത്. നാളെ ഗുരുവായൂരിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിൽ ഏറ്റുവാങ്ങും.
ഇരട്ടയാർ പഞ്ചായത്ത്
മാലിന്യ സംസ്കരണത്തില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഇരട്ടയാര്‍ പഞ്ചായത്ത് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ പ്രസംഗത്തില്‍ ഇരട്ടയാര്‍ പഞ്ചായത്തിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിനൊപ്പം സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഇരട്ടയാർ പഞ്ചായത്തില്‍ മാലിന്യ സംസ്കരണം വിജയകരമായി നടപ്പാക്കുന്നുണ്ട്. 4,600ലേറെ വീടുകള്‍, 500 സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഹരിതകര്‍മ സേനാംഗങ്ങള്‍ മാലിന്യം ശേഖരിക്കുന്നുണ്ട്.
30ലേറെ സ്ത്രീകളാണ് ഹരിതകര്മസേനാംഗങ്ങളായി പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം 10,000 രൂപ വീതം ഇവര്‍ക്ക് വേതനമായി ലഭിക്കുന്നുണ്ട്. പഞ്ചായത്തിലെ 85 ശതമാനം വീടുകളില്‍ നിന്നും 90 ശതമാനം സ്ഥാപനങ്ങളില്‍ നിന്നുമായി പ്രതിമാസം 2,50,000 രൂപ യൂസര്‍ഫീയായി പിരിച്ചെടുക്കുന്നു.
ശേഖരിക്കുന്ന മാലിന്യങ്ങള്‍ 18 വിഭാഗങ്ങളായി തരംതിരിച്ച് സ്വകാര്യ ഏജന്‍സികള്‍ക്കും റീസൈക്ലിംഗ് കമ്പനികള്‍ക്കും കൈമാറിവരുന്നു. പ്രതിമാസം നാല് ടണ്‍ പ്ലാസ്റ്റിക്കാണ് ശേഖരിക്കുന്നത്. ജൈവമാലിന്യം സംസ്കരിക്കാന്‍ ജില്ലയിലെ ആദ്യത്തെ ആധുനിക നിലവാരത്തിലുള്ള വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റ് ഇരട്ടയാറിലാണ് ആരംഭിച്ചത്.
ഉടുന്പന്നൂർ പഞ്ചായത്ത്
ഉടുന്പന്നൂരിന്റെ മാലിന്യനിർമാർജന രംഗത്തെ ചിട്ടയായ പ്രവർത്തനവും ഹരിത കർമ സേനയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും മികച്ച പ്രവർത്തനവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ അവാർഡ് നിർണയ സമിതി പരിഗണിച്ചു.
കാർഷിക മേഖലയിൽ നടപ്പാക്കിയ നൂതന ഇടപെടലായ കൃഷിക്കൂട്ടം പദ്ധതിയും വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് നിലവാരമുയർത്തിയ മികവ് മനഃശാസ്ത്ര വിദ്യാഭ്യാസ പഠന സഹായ പദ്ധതിയും സംസ്ഥാന സർക്കാരിന്റെ ഡിജി കേരളം പദ്ധതിക്ക് മുന്നോടിയായി പഞ്ചായത്ത് ഏറ്റെടുത്ത ഡിജിറ്റൽ ഉടുന്പന്നൂർ പ്രോഗ്രാമും നൂതന ആശയങ്ങൾ എന്ന നിലയിൽ പ്രത്യേക പരിഗണനക്ക് വിധേയമായി.പഞ്ചായത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകരമായി അവാർഡിനെ കാണുന്നതായി പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു.