സ്ത്രീയാത്രക്കാർ ജാഗ്രതൈ!.. ബസുകളിൽ കവർച്ചാസംഘങ്ങൾ വിലസുന്നു
1515637
Wednesday, February 19, 2025 6:02 AM IST
തൊടുപുഴ: ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ബാഗുകളിൽനിന്നു പണവും സ്വർണവും അപഹരിക്കുന്ന സംഘങ്ങൾ വീണ്ടും സജീവമായി. തമിഴ് നാട്ടിൽനിന്നെത്തിയ സ്ത്രീകളുടെ സംഘങ്ങളാണ് കവർച്ചയ്ക്കു പിന്നിൽ കൂടുതലായുള്ളത്.
സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇവർ ഇത്തരത്തിൽ മോഷണം നടത്തി വരുന്നുണ്ട്. കഴിഞ്ഞ ദിവസം കോളപ്ര സ്വദേശിനിയുടെ ഒരു ലക്ഷം രൂപയാണ് ബസ് യാത്രക്കിടയിൽ നഷ്ടമായത്. തൊടുപുഴയിലെ എൽഐസി ഓഫീസിൽ അടയ്ക്കാനായി കൊണ്ടുപോയ പണമാണ് ബസിൽനിന്നു നഷ്ടപ്പെട്ടത്.
എൽഐസി തൊടുപുഴ ബ്രാഞ്ചിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ കോളപ്ര പാങ്കരയിൽ രമ്യയുടെ പണമാണ് മോഷണം പോയത്. തൊടുപുഴയിലെത്തി ബാഗ് പരിശോധിച്ചപോഴാണ് പണം നഷ്ടപ്പെട്ടതായി രമ്യ അറിയുന്നത്. പണം തട്ടിയെടുത്തെന്ന് സംശയിക്കുന്ന രണ്ട് സ്ത്രീകളുടെ ചിത്രം സിസിടിവി കാമറയിൽനിന്നു ലഭിച്ചെങ്കിലും ഇവരെ പിടികൂടാനായില്ല. അന്വേഷണം നടത്തി വരികയാണെന്ന് മുട്ടം പോലീസ് പറയുന്നു. മുട്ടത്തിറങ്ങിയ ഇവർ ഈരാറ്റുപേട്ടയിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു.
രാവിലെയും വൈകുന്നേരവും തിരക്കേറിയ ബസുകളിലാണ് ഇത്തരത്തിലുള്ള സ്ത്രീകളായ മോഷ്ടാക്കൾ കയറുന്നതെന്ന് പോലീസ് പറയുന്നു. ബസിൽ കയറി തിക്കും തിരക്കും ഉണ്ടാക്കി സ്ത്രീകളുടെ ബാഗിൽനിന്ന് പണവും ആഭരണവും കവർച്ച നടത്തി അടുത്ത സ്റ്റോപ്പുകളിൽ ഇറങ്ങി രക്ഷപ്പെടുകയാണ് ഇവരുടെ പതിവ്. അവിടെ നിന്നും ഓട്ടോയിൽ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തെത്തിയാൽ പിന്നെ ഇവരെ കണ്ടെത്താൻ തന്നെ ബുദ്ധിമുട്ടാണ്.
മോഷണത്തിനിരയായ ആൾ പണവും ആഭരണവും നഷ്ടപ്പെട്ടെന്ന വിവരം അറിയുന്പോഴേക്കും മോഷ്ടാക്കൾ സുരക്ഷിതമായി രക്ഷപ്പെട്ടിരിക്കും. പലപ്പോഴും സിസിടിവികളിൽനിന്ന് ഇവരുടെ ചിത്രങ്ങളും മറ്റും ലഭിക്കുമെങ്കിലും പ്രതികളെ കണ്ടെത്തുന്നത് ശ്രമകരമാണെന്ന് പോലീസ് പറയുന്നു.
നേരത്തേ തൊടുപുഴ മേഖലയിൽ ഇത്തരത്തിൽ മോഷണം വ്യാപകമായതിനെത്തുടർന്ന് ബസിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഉടുന്പന്നൂർ-തൊടുപുഴ റൂട്ടിൽ യാത്ര ചെയ്ത വീട്ടമ്മയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ ബസിൽ വച്ച് നഷ്ടമായതിനെത്തുടർന്നാണ് ആ സമയം പോലീസ് നിരീക്ഷണം ശക്തമാക്കിയത്. വനിതാ പോലീസ് ഉദ്യോഗസ്ഥരെ മഫ്ടിയിലും മറ്റും ബസുകളിൽ നിയോഗിച്ചാണ് പോലീസ് പരിശോധന ശക്തിപ്പെടുത്തിയത്. എന്നാൽ പിന്നീട് ഇത്തരം പരിശോധനകൾ കാര്യക്ഷമമായില്ല. ഇതേത്തുടർന്നാണ് വീണ്ടും ബസുകളിൽ മോഷണ സംഘങ്ങൾ സജീവമായത്.
ഇതിനിടെ സ്വകാര്യ ബസുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. തൊടുപുഴ മേഖലയിൽ പകുതിയോളം ബസുകളിൽ സിസിടിവി കാമറകൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. മാർച്ച് 31-നകം എല്ലാ സ്വകാര്യ ബസുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നാണ് സർക്കാർ നിർദേശം.