മണൽക്കടത്ത്: കമ്പംമെട്ടിൽ പോലീസും ലോറി ഡ്രൈവറും തമ്മിൽ സംഘർഷം
1515626
Wednesday, February 19, 2025 6:02 AM IST
നെടുങ്കണ്ടം: പാസില്ലാതെ പാറമണൽ കടത്തിനിടെ കമ്പംമെട്ട് സംസ്ഥാന അതിർത്തിയിൽ പോലീസും ലോറി ഡ്രൈവറും തമ്മിൽ സംഘർഷം. ലോറി ഡ്രൈവറുടെ ആക്രമണത്തിൽ പരിക്കേറ്റ എസ്എച്ച്ഒ ചികിത്സ തേടി. ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണം നേരിടുന്ന എസ്എച്ച്ഒ ഷമീർ ഖാനാണ് പരിക്കേറ്റത്.
ലോറി ഡ്രൈവറായ കമ്പം സ്വദേശി മുഹമ്മദ് അബ്ബാസി(35) നെതിരേ കമ്പംമെട്ട് പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഇയാളെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി തമിഴ്നാട്ടിലെ ലോറി ഡ്രൈവർമാരുടെ സംഘടന സംസ്ഥാന അതിർത്തിയിൽ ഉപരോധം നടത്തി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. പാസില്ലാതെ തമിഴ്നാട്ടിൽനിന്നു പാറമണൽ കയറ്റിവന്ന ലോറി കമ്പംമെട്ട് പോലീസ് നിർത്താനാവശ്യപ്പെട്ടു. എന്നാൽ, ലോറി മുന്നോട്ടെടുത്തതോടെ എസ്എച്ച്ഒ ലോറിയുടെ താക്കോൽ ഊരാൻ ശ്രമിക്കുകയും ഇതിനിടെ ഡ്രൈവർ എസ്എച്ച്ഒയെ തള്ളി വീഴ്ത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ വലത്തേ തോളിന് പരിക്കേറ്റ എസ്എച്ച്ഒ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
അതേസമയം റോഡരികിലായി വാഹനം നിർത്തിയ ഡ്രൈവറെ എസ്എച്ച്ഒ അകാരണമായി മർദിക്കുകയായിരുന്നെന്നാണ് ഡ്രൈവർമാർ പറയുന്നത്. വാഹനത്തിൽനിന്ന് ഇറക്കിയ ശേഷവും ഡ്രൈവറെ പോലീസ് മർദ്ദിച്ചെന്ന് ഇവർ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും പോലീസ് നൽകിയില്ലെന്നും വാഹനങ്ങൾ കടത്തിവിടുന്നതിന് പോലീസ് കൈക്കൂലി ആവശ്യപ്പെട്ടതായാണ് ലോറി ഡ്രൈവർമാർ പറയുന്നത്.
ഉപരോധത്തെത്തുടർന്ന് സ്ഥലത്തെത്തിയ കട്ടപ്പന ഡിവൈഎസ്പിയും ഉത്തമപാളയം ഡിവൈഎസ്പിയും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിൽ വൈകുന്നേരം ആറോടെയാണ് ഉപരോധം അവസാനിപ്പിച്ചു.