നാം കരുതലിന്റെ വക്താക്കളാകണം: മാർ മാത്യു മൂലക്കാട്ട്
1515766
Wednesday, February 19, 2025 11:26 PM IST
ചെറുതോണി: കരുതലിന്റെ വക്താക്കളാകണം നാമോരോരുത്തരുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ ‘കരുതാം നാളേക്കായി ' എന്ന കുടിവെള്ള സംഭരണ ടാങ്ക് വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മാർ മാത്യു മൂലക്കാട്ട്. മണ്ണിനോടും ജലത്തോടും സഹജീവികളോടും പ്രകൃതി വസ്തുക്കളോടുമുള്ള മനുഷ്യന്റെ കരുതലാണ് നാളെയുടെ സമ്പത്തെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ പ്രവർത്തന ഗ്രാമങ്ങളിലുള്ള സ്വാശ്രയ സംഘ പ്രവർത്തകർക്കായി കുടിവെള്ളം സംഭരിച്ചു സൂക്ഷിക്കുന്നതിനും വേനലിനെ അതിജീവിക്കുന്നതിനുമുള്ള പദ്ധതിയാണ് കരുതാം നാളെക്കായ്. സബ്സിഡി നിരക്കിൽ വായ്പാ സൗകര്യം ലഭ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഫാ. ബിബിൻ ചക്കുങ്കൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ എബ്രഹാം, അനിമേറ്റർ സിനി സജി എന്നിവർ പ്രസംഗിച്ചു, പദ്ധതിയുടെ ഒന്നാം ഘട്ടമായി 335000 ലിറ്റർ ജലസംഭരണ ടാങ്കുകളാണ് വിതരണം ചെയ്യുന്നത്.