നെടുങ്കണ്ടം പഞ്ചായത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്
1515629
Wednesday, February 19, 2025 6:02 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തി. 2023 ജൂലൈ മുതല്‍ 2024 ഒക്ടോബര്‍ വരെ അന്നത്തെ അക്കൗണ്ടന്റ് നടത്തിയ വന്‍ തട്ടിപ്പാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
പഞ്ചായത്തിന്റെ ദൈനംദിന ചെലവുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നല്കുന്ന ചെക്കുകളില്‍ കൃത്രിമം കാട്ടിയാണ് പ്രധാനമായും തട്ടിപ്പ് നടത്തിയിരിക്കുന്നത്. 146 രൂപയുടെ വൈദ്യുതി ബില്ലിന് 10,146 രൂപയുടെ ചെക്ക് മാറിയത് ഉള്‍പ്പെടെ ഏഴ് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നിലവില്‍ കണ്ടെത്തിയിട്ടുണ്ട്.
പഞ്ചായത്തിന് വിവിധ കെട്ടിടങ്ങളുടെ 200 ഓളം വൈദ്യുതി ബില്ലുകള്‍ അടയ്ക്കാനുണ്ട്. ഇവയിലാണ് പ്രധാനമായും കൃത്രിമം നടന്നിട്ടുള്ളത്. പണം പിന്‍വലിക്കാനുള്ള ചെക്കില്‍ തുക എഴുതുന്ന ഭാഗങ്ങളില്‍ അക്ഷരങ്ങളും അക്കങ്ങളും കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യമായ സ്ഥലം ഒഴിച്ചിടുകയും സെക്രട്ടറി മറ്റ് തിരക്കുകളില്‍ ആയിരിക്കുന്ന സമയത്ത് ധൃതി പിടിച്ച് വന്ന് ഇതില്‍ ഒപ്പിട്ടുവാങ്ങുകയും തുടര്‍ന്ന് തുക കൂട്ടിച്ചേര്‍ത്ത് അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കുകയും ചെയ്യുകയായിരുന്നു. പഞ്ചായത്തിലെ മറ്റൊരു സ്റ്റാഫ് ഇതിന് ഇയാളെ സഹായിച്ചിരുന്നതായും സംശയിക്കുന്നുണ്ട്.
സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു. അക്കൗണ്ടന്റ് സ്ഥലം മാറിപ്പോയശേഷം നടത്തിയ പരിശോധനയില്‍ ബില്‍ രജിസ്റ്റര്‍, ബാങ്ക് സ്റ്റേറ്റ്മെന്റ് , വൗച്ചറുകള്‍ എന്നിവയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഏഴു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.
ഈ അക്കൗണ്ടന്റ് ജോലി ചെയ്തിരുന്ന കാലയളവില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടും ഇയാള്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയില്ലെന്ന് ഭരണസമിതി പറയുന്നു. പിന്നീടെത്തിയ അക്കൗണ്ടന്റ് നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയിരുന്നു. കണക്കുകള്‍ പൂര്‍ണമായും പരിശോധിക്കുന്നതോടെ തട്ടിപ്പ് തുക വര്‍ദ്ധിക്കാനാണ് സാധ്യത.
അക്കൗണ്ടന്റ്് മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും ഇയാള്‍ക്കെതിരേ നിവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്.
വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയതോടെ സമഗ്രമായ അന്വേഷണം നടത്താനാണ് ഭരണസമിതിയുടെ തീരുമാനം. കൂടുതല്‍ പേരുടെ പങ്ക് സംശയിക്കുന്നതിനാല്‍ എല്ലാവരെയും കണ്ടെത്തി ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.