മുല്ലപ്പെരിയാർ: പരിശോധയ്ക്കായി പുതിയ ബോട്ട് സജ്ജമായി
1516459
Friday, February 21, 2025 11:47 PM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലസേചന വകുപ്പിന്റെ പുതിയ ബോട്ട് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ളാഗ് ഓഫ് ചെയ്തു. അണക്കെട്ടിൽ പരിശോധന നടത്തുന്നതിനായാണ് ഉദ്യോഗസ്ഥർക്ക് ബോട്ട് സജ്ജമാക്കിയിരിക്കുന്നത്. 12.40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബോട്ട് വാങ്ങിയത്. അതിവൃഷ്ടി സമയത്ത് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പരിശോധന നടത്തുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായാണ് ബോട്ട് എത്തിച്ചത്.
ജലസേചന വകുപ്പിന്റെ 15 വർഷം മുൻപ് തകരാറിലായ ബോട്ടിനു പകരമാണ് പുതിയതു വാങ്ങിയത്. 10 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ കേരളത്തിന്റെ ഉദ്യോഗസ്ഥർക്ക് അര മണിക്കൂറിനുള്ളിൽ തേക്കടി ബോട്ട് ലാൻഡിംഗിൽനിന്ന് അണക്കെട്ടിലേക്ക് എത്താൻ കഴിയും.
ഡാമിന്റെ താഴ്വാരങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അണക്കെട്ടിന്റെ ജലനിരപ്പ്, മഴയുടെ അളവ്, നീരൊഴുക്ക്, തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ്, ഡാമിന്റെ ഷട്ടറുകൾ തുറന്നു ജലം പുറത്തേക്കൊഴുക്കുന്ന സാഹചര്യം, അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സാഹചര്യം എന്നിവ നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കാറുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ കേരള പോലീസിന്റെയും വനം വകുപ്പിന്റെയും ബോട്ടുകളാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ആശ്രയിച്ചിരുന്നത്. പല അടിയന്തര ഘട്ടങ്ങളിലും ബോട്ടുകൾ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുകയും ഇതുമൂലം പരിശോധനകൾ മുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ട് വകുപ്പിന് സ്വന്തമായി പുതിയ ബോട്ട് വാങ്ങിയത്.