പന കയറി പഠിക്ക്...
1515632
Wednesday, February 19, 2025 6:02 AM IST
മുട്ടം: ശങ്കരപ്പിള്ളി അങ്കണവാടിയിലേക്ക് എത്തുന്ന കുട്ടികൾക്ക് സഞ്ചരിക്കാൻ വഴിയിൽ തടസമായി കിടക്കുന്ന പനയുടെ മുകളിലും കയറേണ്ട ദുരവസ്ഥയാണുള്ളത്. സമീപത്തെ പുരയിടത്തിൽനിന്ന പനയാണ് വഴിയിലേക്ക് വീണത്. നിരവധി കുട്ടികൾ പഠിക്കുന്ന അങ്കണവാടിയിലേക്കുള്ള വഴിമധ്യേ പന മാർഗതടസം സൃഷ്ടിച്ച് കിടന്നിട്ടും മുറിച്ചുമാറ്റാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
പനയുടെ മുകളിൽ കയറിയിറങ്ങുന്ന കുരുന്നുകൾ മറിഞ്ഞുവീഴാതിരിക്കാൻ അങ്കണവാടി ടീച്ചറും ആയയുമെല്ലാം ഓടിയെത്തേണ്ട സ്ഥിതിയാണുള്ളത്. എപ്പോഴെങ്കിലും തങ്ങളുടെ കണ്ണിൽപ്പെടാതെ കുട്ടികൾ പനയുടെ മുകളിൽ കയറി താഴെ വീണാലോ എന്ന ആശങ്കയിലാണ് അങ്കണവാടി അധികൃതർ. കുട്ടികൾക്ക് വഴിയിൽ തടസമായി കിടക്കുന്ന പന മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.