പെരിയാർ വറ്റിവരളുന്നു
1516117
Friday, February 21, 2025 12:00 AM IST
ഉപ്പുതറ: വേനൽ കടുത്തതോടെ പെരിയാറിലെ നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞു. ഇത് പെരിയാറിനെ ആശ്രയിച്ചുള്ള വലുതും ചെറുതുമായ കുടിവെള്ള പദ്ധതികൾക്കും ഭീഷണിയായി. സാധാരണയായി മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ആണ് പെരിയാറിൽ നീരൊഴുക്ക് ഇത്രയധികം കുറയാറുള്ളത്.
ഈ വർഷം ഫെബ്രുവരി പകുതിയായതോടെ നീരൊഴുക്ക് കുറഞ്ഞു. വേനൽമഴ ഉടൻ ലഭിക്കാതിരിക്കുകയോ ചൂട് ഇതേ നിലയിൽ തുടരുകയോ ചെയ്താൽ രണ്ടാഴ്ചയ്ക്കുളളിൽ നീരൊഴുക്ക് നിലയ്ക്കും. മുൻവർഷങ്ങളിലേതുപോലെ കൃഷി നനയ്ക്കാൻ വൻകിട എസ്റ്റേറ്റുകാർ പെരിയാറ്റിൽ നിന്ന് ജലമൂറ്റ് തുടങ്ങിയാൽ ഒരാഴ്ചയ്ക്കു മുൻപേ പെരിയാർ വരളും. അടുത്തകാലത്തെങ്ങും അനുഭവപ്പെടാത്തത്ര കടുത്ത ചൂടാണ് ഇപ്പോൾ ഹൈറേഞ്ചിലുള്ളത്.
ഇപ്പോൾത്തന്നെ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്.
പ്രധാന പദ്ധതികളിൽ ശുദ്ധജലവിതരണം ആഴ്ചയിൽ രണ്ടോ, മൂന്നോ പ്രാവശ്യമായി ചുരുക്കി. പെരിയാറിലെ നീരൊഴുക്ക് പൂർണമായും നിലച്ചാൽ നൂറോളം കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം നിലയ്ക്കും. അങ്ങനെ സംഭവിച്ചാൽ പീരുമേട്, ഉടുമ്പൻചോല, ഇടുക്കി താലൂക്കുകളിലെ നൂറുകണക്കിന് കുടുംബങ്ങൾ ശുദ്ധജലത്തിന് മറ്റു വഴികൾ തേടേണ്ടിവരും.
പെരിയാറിന്റെ കൈവഴികളായ ചെറു പുഴകളും തോടുകളും ജനുവരി അവസാനത്തോടെ വറ്റിവരണ്ടു.1986നു ശേഷം ഇതാദ്യമാണ് ഇത്രയും നേരത്തേ ജലശ്രോതസുകൾ വറ്റിവരളുന്നത്. അന്ന് രണ്ടു മാസത്തോളം പെരിയാറിൽ നീരൊഴുക്ക് ഉണ്ടായിരുന്നില്ല.