ജില്ലയിൽ ചിക്കൻപോക്സും ജലജന്യരോഗങ്ങളും പടരുന്നു
1516122
Friday, February 21, 2025 12:00 AM IST
തൊടുപുഴ: വേനൽ ശക്തമായതോടെ ജില്ലയിൽ ചിക്കൻപോക്സ് ബാധിതരുടെ എണ്ണത്തിൽ വർധന. ശുദ്ധജലത്തിന് ദൗർലഭ്യം അനുഭവപ്പെട്ടു തുടങ്ങിയതോടെ ജലജന്യ രോഗങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ മാസം 50 പേർക്കാണ് ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം 72 പേർക്കും ചിക്കൻപോക്സ് പിടിപെട്ടിരുന്നു.
ചൂടു കൂടിയതോടെയാണു ചിക്കൻപോക്സ് കൂടുതലായി കണ്ടുതുടങ്ങിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പനി, തലവേദന ലക്ഷണങ്ങളോടെയാണ് തുടക്കം. പിന്നീട് ശരീരത്ത് കുമിളകൾ ഉണ്ടാകുന്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. വാരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്സിന് കാരണമാകുന്നത്. രോഗബാധിതനായ ആളിന്റെ സാമീപ്യംവഴി രോഗം പകരും.
വായുവിൽക്കൂടി പകരുന്ന രോഗമായതിനാൽ ചുമയ്ക്കുന്പോഴോ തുമ്മുന്പോഴോ വായുവിൽ അണുക്കൾ കലരാൻ ഇടയാകുന്നു. കൂടാതെ, കുമിളകളിൽനിന്നുള്ള സ്രവം പറ്റുന്നതുവഴിയും രോഗം പകരാം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണം. രോഗി മറ്റുള്ളവരുമായി അടുത്തിടപഴകരുത്. ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കണം.
വേനൽക്കാലത്ത് ജലജന്യ രോഗങ്ങളും വ്യാപകമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയാണ് ഇതിൽ പ്രധാനം. ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കുന്നതാണ് ജലജന്യ രോഗങ്ങൾക്ക് കാരണം. വയറിളക്ക രോഗങ്ങളെത്തുടർന്ന് 473 പേർ ഈ മാസം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
കഴിഞ്ഞ മാസം 774 പേരാണ് ചികിത്സ തേടിയത്. കുട്ടികൾക്കിടയിൽ വ്യാപകമായി മുണ്ടിനീരും പടരുന്നുണ്ട്. ബുധനാഴ്ച മാത്രം 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഈ മാസം 19 വരെ 130 പേർക്കും ഈ വർഷം 272 പേർക്കും മുണ്ടിനീര് സ്ഥിരീകരിച്ചു. വായുവിലൂടെ പകരുന്ന മുണ്ടിനീര് ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുക. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്.
വൈറൽ പനിയും ജില്ലയിൽ വ്യാപകമായി പടരുന്നുണ്ട്. ഈ മാസം 19 വരെ 3,401 പേർക്കാണ് വൈറൽപനി പിടിപെട്ടത്. കഴിഞ്ഞ മാസം 5,988 പേര് വിവിധ സർക്കാർ ആശുപത്രികളിൽ വൈറൽപനി ബാധിച്ച് ചികിത്സതേടി എത്തിയതായാണ് കണക്ക്.