പ്രയോജനകരമാകാതെ ഏകാരോഗ്യം പദ്ധതി
1515168
Monday, February 17, 2025 11:53 PM IST
തൊടുപുഴ: ആരോഗ്യമേഖലയിൽ വലിയമാറ്റം സൃഷ്ടിക്കുമെന്നു പ്രഖ്യാപിച്ച് നടപ്പാക്കാനുദ്ദേശിച്ച ഏകാരോഗ്യം പദ്ധതി ജനങ്ങൾക്ക് പ്രയോജനകരമാകുന്നില്ലെന്ന് ആക്ഷേപം. പണം പാഴാക്കുന്ന പദ്ധതിയായി ഏകാരോഗ്യം മാറിയെന്നാണ് ആരോപണമുയരുന്നത്. സംസ്ഥാനത്ത് നാലു ജില്ലകളിൽ നടപ്പാക്കിയ പദ്ധതിയാണ് ആരോഗ്യരംഗത്ത് യാതൊരു നേട്ടവും ഉണ്ടാക്കാൻ കഴിയാതെ സർക്കാർ സർവീസിൽനിന്നു വിരമിച്ച കുറച്ചുപേർക്ക് ശന്പളവും ആനുകൂല്യങ്ങളും നേടാനുള്ള പദ്ധതിയായി മാറിയതെന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ തന്നെ പറയുന്നു.
കോടികൾ ചെലവഴിച്ചാണ് വിവിധ തലത്തിൽ ആയിരക്കണക്കിന് പേർക്ക് സർക്കാർ ചെലവിൽ പരിശീലനം നൽകിയത്. പഞ്ചായത്തുകളിലെയും നഗരസഭകളിലേയും വാർഡുകൾ തോറും ഏഴുപേരെ മെന്റർമാരായും 49 പേരെ വോളണ്ടിയർമാരായും തെരഞ്ഞെടുത്താണ് പരിശീലനം നൽകിയത്.
പ്രകൃതി, മനുഷ്യൻ, മൃഗങ്ങൾ എന്നിവയുടെ ആരോഗ്യസംരക്ഷണം വഴി ഏകലോകം-ഏക ആരോഗ്യം എന്ന ലക്ഷ്യം കൈവരിക്കാൻ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ പദ്ധതിയാണിത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്. യുവാക്കളുടെ തൊഴിലവസരം നഷ്ടപ്പെടുത്തി വിരമിച്ചവരെ തിരുകിക്കയറ്റാനുള്ള പദ്ധതിയാണിതെന്ന് അന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് നവകേരള സദസിൽ വരെ പരാതി നൽകിയിട്ടും തൊഴിൽരഹിതരെ പരിഗണിക്കാതെ വിരമിച്ചവരെ തുടരാൻ അനുവദിക്കുകയായിരുന്നു. രണ്ടുവർഷം പിന്നിട്ട നിയമനം വീണ്ടും നീട്ടിനൽകാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പു ജീവനക്കാർ പറയുന്നു.
ആരോഗ്യവകുപ്പു നടപ്പാക്കുന്ന പദ്ധതികളായ കുഷ്ഠരോഗ നിർമാർജനം, ക്ഷയരോഗ നിയന്ത്രണം, ആരോഗ്യം- ആനന്ദം-അകറ്റാം അർബുദം, വയറിളക്ക നിയന്ത്രണം തുടങ്ങിയവയൊന്നും നടപ്പാക്കുന്നതിൽ ഏകാരോഗ്യ മെന്റർമാരുടെയോ വാർഡുതല സന്നദ്ധ പ്രവർത്തകരുടെയോ സഹായം കിട്ടുന്നില്ലെന്നും പിഎച്ച്സി ജീവനക്കാർ പറഞ്ഞു. ഈ പദ്ധതികൾ നടപ്പാക്കാൻ ഗൃഹസന്ദർശനം നടത്തി എല്ലാ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കണം. ആശാപ്രവർത്തകരും ഫീൽഡുതല ആരോഗ്യപ്രവർത്തകരും മാത്രമാണ് ഇപ്പോൾ പദ്ധതികൾ നടപ്പാക്കുന്നതിനായി സഹായിക്കുന്നത്.
ഏകാരോഗ്യ പദ്ധതിയിലെ വാർഡു മെന്റർമാരും സന്നദ്ധപ്രവർത്തകരും പറയുന്നത് ഇത്തരം ജോലികൾ ചെയ്യുന്ന തങ്ങൾക്ക് ആനുകൂല്യം കിട്ടുന്നില്ലെന്നും ജില്ലാ മെന്റർമാരായി നിയമനം കിട്ടിയ വിരമിച്ച ജീവനക്കാർ പെൻഷനു പുറമേ വലിയ തുക മാസ ശന്പളം വാങ്ങുന്നുവെന്നുമാണ്.
ദിവസവേതനക്കാരും കൂലിപ്പണിക്കാരുമായ തങ്ങൾ ജോലി കളഞ്ഞ് ഇത്തരം സന്നദ്ധപ്രവർത്തനത്തിനു പോയാൽ ദുരിതത്തിലാകുമെന്നാണ് ഇവരുടെ പരിദേവനം.