രാത്രി ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ത്തുന്നില്ല : കുട്ടികളുടെ ആശുപത്രിയിൽ എത്തുന്ന യാത്രക്കാർ ദുരിതത്തിൽ
1600450
Friday, October 17, 2025 6:54 AM IST
കോട്ടയം: രാത്രികാലങ്ങളില്‍ കുട്ടികളുടെ ആശുപത്രിക്ക് മുന്പില് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ത്താത്തത് രോഗികളായ കുട്ടികളെയും മാതാപിതാക്കളെയും വലയ്ക്കുന്നു. രാത്രി ഏഴിന് ശേഷമാണ് പ്രധാനമായും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ഇതുമൂലം രാത്രികാലങ്ങളില്‍ കുട്ടികളുമായി ആശുപത്രിയിലെത്തുന്നവര്‍ തിരികെ മടങ്ങണമെങ്കില്‍ ഓട്ടോയെയോ, ടാകിസിയെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഐസിഎച്ച് ജംഗ്ഷനിലെത്തുന്ന ബസ് അമിത വേഗത്തില്‍ നിര്‍ത്താതെ പോകുകയാണെന്നും കൂടുതല്‍ യാത്രക്കാര്‍ ഉണ്ടെങ്കില്‍ പോലും നിര്ത്താറില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ബസ് നിര്‍ത്തിക്കാന്‍ പലപ്പോഴും നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നത് നിത്യസംഭവമാണ്. സാധാരണക്കാരായ രോഗികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ അധികാരികള്‍ എത്രയും വേഗം ഇടപെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.