സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കം
1573951
Tuesday, July 8, 2025 2:47 AM IST
കോട്ടയം: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനത്തെയും ജില്ലയെയും കണ്ടെത്തുന്നതിനും ഗ്രാമീണജനതയുടെ ശുചിത്വശീലങ്ങള്‍ വിലയിരുത്തുന്നതിനുമുള്ള സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി.
സര്‍വേയില്‍ വീടുകളിലെ ശൗചാലയ സൗകര്യങ്ങള്‍, വെളിയിടവിസര്‍ജ്ജന മുക്തമാണോ, കൈ കഴുകല്‍ സംവിധാനങ്ങള്‍, ജൈവ-അജൈവ മാലിന്യ സംസ്കരണം, മലിനജല പരിപാലനം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം തുടങ്ങിയവ വിലയിരുത്തും.
വീടുകള്‍ക്ക് പുറമേ പൊതുയിടങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, പഞ്ചായത്ത് പരിസരങ്ങള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ആരാധനാലയങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെയും ശുചിത്വനിലവാരം പരിശോധിക്കും. അംഗീകൃത ദേശീയ ഏജന്‍സികളാണ് സര്‍വേ നടത്തുന്നത്. സര്‍വേയ്ക്കായി പ്രത്യേകമായി 1000 മാര്‍ക്കുള്ള ശുചിത്വ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ വില്ലേജിലെയും ശുചിത്വ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാകും റാങ്ക് നിശ്ചയിക്കുക.
പൊതുജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുത്തുന്നതിനായി ആരംഭിച്ച സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025 മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാ കും പൊതുജനങ്ങളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുക.
ജില്ലയുടെ ശുചിത്വ നിലവാരം നിങ്ങള്‍ക്കും വിലയിരുത്താം
സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍-2025 ന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും ജില്ലയിലെ ശുചിത്വ നിലവാരം സംബന്ധിച്ച അഭിപ്രായവും നിര്‍ദേശങ്ങളും എസ്എസ്ജി 25 ആപ്പിലൂടെ രേഖപ്പെടുത്താം. ജില്ലയുടെ റാങ്കിംഗ് നിര്‍ണയിക്കുന്നതില്‍ ജില്ലയിലെ കൂടുതല്‍ ആളുകള്‍ ആപ്പ് വഴി അഭിപ്രായം രേഖപ്പെടുത്തുന്നത് ഒരു പ്രധാന ഘടകമാണ്. അതിനാല്‍ എല്ലാവരും അഭിപ്രായം രേഖപ്പെടുത്തണമെന്ന് ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.