കുണ്ടും കുഴിയുമായി വൈക്കം-വെച്ചൂർ റോഡ്
1573957
Tuesday, July 8, 2025 2:53 AM IST
വൈക്കം: വൈക്കം-വെച്ചൂർ റോഡിൽ വ്യാപകമായി കുഴികൾ രൂപപ്പെട്ടതോടെ ഗതാഗതം ദുരിതപൂർണമായി. മാസങ്ങൾക്കു മുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡ് കനത്ത മഴയെത്തുടർന്ന് വെള്ളം കെട്ടിനിന്നാണ് തകർന്നത്.ദിനംപ്രതി ഭാരവാഹനങ്ങളടക്കമുള്ള നൂറുകണക്കിനു വാഹനങ്ങളുടെ നിരന്തര ഓട്ടത്തെത്തുടർന്നാണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത്.
വൈക്കം തോട്ടകം അട്ടാറ പാലത്തിന്റെ സമീപ റോഡിലും പാലത്തിനു നടുവിലും ബാറിനു മുന്നിലും തോട്ടകം ഗവൺമെന്റ് എൽപി സ്കൂളിനു സമീപത്തെ വളവിലും തലയാഴം സർവീസ് സഹകരണ ബാങ്കിനും കൃഷിഭവനും മുന്നിലും വലിയകുഴികളാണുള്ളത്.
വൈക്കം മുതൽ ബണ്ട് റോഡ് ജംഗ്ഷൻ വരെയുള്ള റോഡിൽ രൂപപ്പെട്ട കുഴികൾ ദിനംപ്രതി വലുതാകുകയാണ്. കുഴികളിൽ അകപ്പെടാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങൾ മറിഞ്ഞു യാത്രികർക്ക് പരിക്കേൽക്കുന്നതും പതിവാകുകയാണ്. റോഡിലെ കുഴികളടച്ച് ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.