കാഞ്ഞിരപ്പള്ളി-കുളത്തൂര്‍മൂഴി റോഡ്; നിർമാണത്തിനു തുടക്കമായി
1590607
Wednesday, September 10, 2025 11:36 PM IST
കാഞ്ഞിരപ്പള്ളി: കാത്തിരിപ്പിനൊടുവിൽ കാഞ്ഞിരപ്പള്ളി- മണിമല - കുളത്തൂര്‍മൂഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡിന്റെ നിര്‍മാണം തുടങ്ങി. കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് കലുങ്ക് നിര്‍മാണമാണ് ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി മുതല്‍ മണ്ണനാനിവരെയുള്ള 6.862 കിലോമീറ്റര്‍ ഭാഗവും മണിമല മുതല്‍ കുളത്തൂര്മൂഴിവരെയുള്ള 11.5 കിലോമീറ്റര്‍ ഭാഗവും ചേര്‍ന്നുള്ള 18.362 കിലോമീറ്ററാണ് നവീകരിക്കുന്നത്. മധ്യത്തിലായി വരുന്ന മണ്ണനാനി മുതല്‍ മണിമല വരെയുള്ള ഭാഗം പുനലൂര്‍ - മൂവാറ്റുപുഴ റോഡിന്റെ ഭാഗമായി നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. നിലവിലെ റോഡിന്റെ വീതി എട്ട് മീറ്റര്‍ എന്നത് 10 മീറ്ററാക്കി വർധിപ്പിക്കും. സൗജന്യമായി സ്ഥലം വിട്ടുതരാന്‍ ഉടമകള്‍ തയാറായത് വേഗത്തിൽ തുടങ്ങാൻ സഹായകമായി.
പുതിയ ഡിസൈൻ
നിലവിലെ റോഡ് സെന്റര്ലൈന് നിലനിര്‍ത്തി പരമാവധി വളവുകള്‍ നിവര്‍ത്തി ആധുനിക നിലവാരത്തിലാണ് നിര്‍മാണം. രണ്ടു വശങ്ങളിലും ഫുട്പാത്ത്, വാട്ടര്‍ അഥോറിറ്റി, കെഎസ്ഇബി, ടെലിഫോണ്‍സ് എന്നിവയുടെ യൂട്ടിലിറ്റി സൗകര്യവും മറ്റ് ആധുനിക റോഡ് സുരക്ഷാ സാമഗ്രികളും ഉള്‍പ്പെടുത്തും.
കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മാണച്ചുമതല. പദ്ധതിയുടെ ആരംഭത്തില്‍ ട്രാഫിക് സാന്ദ്രതാ പഠനം നടത്തിയതില്‍നിന്ന് ഇപ്പോള്‍ മാറ്റം വന്നതുകൂടി പരിഗണിച്ച് നാറ്റ്പാക് വീണ്ടും പഠനം നടത്തി പുതിയ ഡിസൈൻ തയാറാക്കിയിരുന്നു. 85.81 കോടി രൂപ ചെലവഴിച്ചാണ് നിർമാണം.