വെളിയന്നൂർ ദേശാഭിമാനി വായനശാലയ്ക്ക് പുതിയ കെട്ടിടം
1590611
Wednesday, September 10, 2025 11:37 PM IST
പനമറ്റം: എലിക്കുളം പഞ്ചായത്തിലെ പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാലയുടെ പുതിയ മന്ദിര നിർമാണം പൂർത്തിയായി. 13ന് വൈകുന്നേരം നാലിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് ഫോട്ടോ അനാച്ഛാദനവും ജില്ലാപഞ്ചായത്തംഗം ജെസി ഷാജൻ ഓഡിറ്റോറിയം ഉദ്ഘാടനവും നടത്തും. ആദ്യകാല പ്രവർത്തകരെ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ടും പ്രതിഭകളെ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സൂര്യമോളും ആദരിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി. ഹരികൃഷ്ണൻ റീഡിംഗ് റൂം ഉദ്ഘാടനം ചെയ്യും.
മാണി സി. കാപ്പൻ എംഎൽഎ അനുവദിച്ച 10 ലക്ഷം രൂപ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണൻ അനുവദിച്ച അഞ്ചുലക്ഷം രൂപ, ജില്ലാപഞ്ചായത്തംഗം ജെസി ഷാജൻ അനുവദിച്ച 10 ലക്ഷം രൂപ, എം.കെ. വിജയകുമാർ തലപ്പള്ളി സംഭാവന ചെയ്ത അഞ്ചുലക്ഷം രൂപ എന്നിവയും നാട്ടുകാരുടെ സംഭാവനയും കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.
ഉദ്ഘാടനത്തിനു മുന്നോടിയായി ഇന്നു വൈകുന്നേരം നാലിന് സാംസ്കാരിക സമ്മേളനവും ലൈബ്രറി പ്രവർത്തകസംഗമവും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ. രാജേഷ് ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി അംഗം മോബിൻ മോഹനൻ മുഖ്യപ്രഭാഷണം നടത്തും.