പെന്ഷന് തട്ടിപ്പ്: അഖില്‍ സി. വര്‍ഗീസിനെ നഗരസഭയില്‍ എത്തിച്ച് തെളിവെടുത്തു
1590616
Wednesday, September 10, 2025 11:37 PM IST
കോട്ടയം: കോട്ടയം നഗരസഭയിലെ പെന്ഷന് തട്ടിപ്പ് കേസിലെ പ്രതി അഖില്‍ സി. വര്‍ഗീസിനെ ഇന്നലെ നഗരസഭാ ഓഫീസില്‍ എത്തിച്ച് തെളിവെടുത്തു. ഉച്ചകഴിഞ്ഞ് 3.30നാണ് നഗരസഭയിലെ മുന്‍ ഉദ്യോഗസ്ഥനായ ഇയാളെ വിജിലന്‍സ് അന്വേഷണ സംഘം നഗരസഭാ ഓഫീസില്‍ എത്തിച്ചത്. അഖില്‍ പണം വകമാറ്റാനായി ഉപയോഗിച്ച രേഖകള്‍, ഇ മെയില്‍ വിവരങ്ങള്‍ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു. കോട്ടയം വിജിലന്‍സ് ഇന്‍സ്പെക്ടര്‍ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് തെളിവെടുപ്പിന് എത്തിച്ചത്.
തെളിവെടുപ്പ് അടക്കമുള്ള തുടര്‍ നടപടികള്‍ക്കായി കഴിഞ്ഞ ദിവസമാണ് കോട്ടയം വിജിലന്‍സ് കോടതി അഞ്ചു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതിനുശേഷമാണു തെളിവെടുപ്പ് നടത്തിയത്. നഗരസഭയുടെ പെന്ഷന് ഫണ്ടില്‍നിന്നു തട്ടിപ്പ് നടത്തിയ 2.4 കോടി രൂപ സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്കാണു ഇയാള്‍ മാറ്റിയത്.