ഇല്ലിക്കൽക്കല്ലിലെ വിള്ളല്‍: പരിശോധന നടത്തി
1590615
Wednesday, September 10, 2025 11:37 PM IST
പാലാ: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ക്കല്ലിലെ കുടക്കല്ലുകളില്‍ വിള്ളലുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പാലാ ആര്‍ഡിഒ കെ.പി. ദീപയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ പരിശോധന നടത്തി. ജിയോളജി, മണ്ണ് സംരക്ഷണം, ഭൂഗര്‍ഭ ജലവിഭവ വകുപ്പ്, ടൂറിസം, ദുരന്ത നിവാരണ അഥോറിറ്റി, ഡിടിപിസി തുടങ്ങിയ വകുപ്പുകളിലെ വിദഗ്ധരും മീനച്ചില്‍ തഹസില്‍ദാര്‍ ലിറ്റി തോമസും സംഘത്തിലുണ്ടായിരുന്നു. താലൂക്ക് വികസനസമിതിയുടെ നിര്‍ദേശപ്രകാരമാണ് സംഘം പരിശോധന നടത്തിയത്.
ഇവിടത്തെ മലനിരകളില്‍ പ്രവര്‍ത്തിച്ചിരുന്ന പാറമടകളിലെ സ്ഫോടനങ്ങളുടെ പ്രകമ്പനത്തിലാണ് മുകള്‍ ഭാഗത്ത പാറകള്‍ക്ക് വിള്ളല്‍ സംഭവിച്ചതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. സംഘത്തിലുണ്ടായിരുന്ന വിവിധ വകുപ്പുകളുടെ വിദഗ്ധരോട് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ടന്ന് പാലാ ആര്‍ഡിഒ കെ.പി. ദീപ പറഞ്ഞു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ആര്‍ഡിഒ അറിയിച്ചു.