പ്രഫഷണല്‍ ജിമ്പയര്‍ ചങ്ങനാശേരി വടംവലി മത്സരം സീസണ് രണ്ട് 14ന്
1590736
Thursday, September 11, 2025 6:12 AM IST
ചങ്ങനാശേരി: സര്‍ഗക്ഷേത്ര കള്‍ച്ചറല്‍, ചാരിറ്റബിള്‍ അക്കാദമിക് മീഡിയ സെന്റര്‍ സ്പോര്‍ട്സ് ആൻഡ് വെല്‍നെസ് ഫോറത്തിന്റെയും യംഗ് ലീഡേഴ്സ് ഫോറത്തിന്റെയും നേതൃത്വത്തില്‍ ഓൾ കേരള പ്രഫഷണല്‍ ജിമ്പയര്‍ ചങ്ങനാശേരി വടംവലി മത്സരം സീസണ് രണ്ട് ചെത്തിപ്പുഴ സര്‍ഗക്ഷേത്ര അങ്കണത്തില്‍ 14ന് വൈകുന്നേരം അഞ്ചിന് നടത്തും. കേരളത്തിലെ പ്രഗല്ഭരായ 40 ടീമുകള്‍ പങ്കെടുക്കും. ജോബ് മൈക്കിള്‍ എംഎല്‍എ മത്സരം ഉദ്ഘാടനം ചെയ്യും.
സര്‍ഗക്ഷേത്ര രക്ഷാധികാരി ഫാ. തോമസ് കല്ലുകളം അധ്യക്ഷത വഹിക്കും. ജോര്‍ജ് പടനിലം ഫൗണ്ടേഷന് ട്രസ്റ്റ് സ്ഥാപകന്‍ ജോര്‍ജ് പടനിലം വിശിഷ്ടാതിഥിയായിരിക്കും. സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം ആമുഖപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ വടംവലി അസോസിയേഷന്റെ നിയന്ത്രണത്തില്‍ നടത്തപ്പെടുന്ന മത്സരത്തില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് യഥാക്രമം 20,000, 15,000, 12,000, 10,000 തുടര്‍ന്നുള്ള അഞ്ചു മുതല്‍ എട്ടുവരെയുള്ള സ്ഥാനങ്ങള്‍ക്ക് 5,000 രൂപയും ഒമ്പതു മുതല്‍ 16 വരെയുള്ള സ്ഥാനങ്ങള്‍ക്ക് 3,000 രൂപയും സമ്മാനമായി നല്‍കും. വടംവലി മത്സര നടത്തിപ്പിന് സര്‍ഗക്ഷേത്ര അങ്കണത്തില്‍ വിശാലമായ ഗ്രൗണ്ട് സജീകരിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം, സിബിച്ചന് തരകന്‍പറമ്പില്‍, ടോമിച്ചന് ആര്‍ക്കേഡിയ, വര്‍ഗീസ് ആന്റണി, ടോജി പാത്തിക്കല്‍, തോമസ് തേവലക്കര തുടങ്ങിയവര്‍ പങ്കെടുത്തു.