പിണറായി സർക്കാർ വാഗ്ദാനങ്ങൾ മാത്രം നൽകുന്ന സർക്കാർ: രാജീവ് ചന്ദ്രശേഖർ
1590609
Wednesday, September 10, 2025 11:36 PM IST
പൊൻകുന്നം: പിണറായി സർക്കാർ ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കാര്യാലയം - ശ്രീധരീയം പൊൻകുന്നത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി സർക്കാർ തങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കണം. ജനോപകാരപ്രദമായ പദ്ധതികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പണം വകമാറ്റി ചെലവഴിക്കുക എന്നതാണ് കേരള സർക്കാരിന്റെ മുഖമുദ്ര.
യാഥാർഥ്യങ്ങളിൽനിന്നു ജനശ്രദ്ധ തിരിക്കാനാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നത്. വികസനമെന്നതാണ് ബിജെപിയുടെ രാഷ്ട്രീയം. എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന ഏക പാർട്ടി ബിജെപി മാത്രമാണ്. ജമാ അത്തെ ഇസ്ലാമിക്കൊപ്പം രാഷ്ട്രീയം ചെയ്യുന്ന പാർട്ടികളാണ് ബിജെപിയെ വർഗീയവാദികളെന്ന് പറയുന്നത്. ഇന്ത്യ കുതിച്ചുയരുമ്പോൾ കേരളം പിന്നോട്ട് പോകുന്നു. വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് നിർണായകമാണ്. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു. ജനങ്ങളാഗ്രഹിക്കുന്ന മാറ്റം തെരഞ്ഞെടുപ്പോടുകൂടി സഫലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്. സുരേഷ് , അനൂപ് ആന്റണി, ദേശീയസമിതി അംഗം പി.സി. ജോർജ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. സുധീർ, ഷോൺ ജോർജ്, സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, ദേശീയ ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡന്റ് നോബിൾ മാത്യു, ദേശീയ കർഷക മോർച്ച വൈസ് പ്രസിഡന്റ് എസ്. ജയസൂര്യൻ, ആലപ്പുഴ മേഖലാ പ്രസിഡന്റ് എൻ. ഹരി, കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സംസ്ഥാന ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് സുമിത് ജോർജ്, പത്തനംതിട്ട ജില്ല പ്രഭാരി ബി. രാധാകൃഷ്ണമേനോൻ, മേഖലാ ജനറൽ സെക്രട്ടറി സജി കുരിയക്കാട്, മുൻ സംസ്ഥാന സെക്രട്ടറി ഏറ്റുമാനൂർ രാധാകൃഷ്ണൻ, ജി. രാമൻ നായർ, ജെ. പ്രമീളാദേവി, എം.ബി. രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.