സസ്പെന്‍ഷനിലായവരെ തിരിച്ചെടുത്തത് ഭരണാനുകൂല സംഘടനയുടെ പിൻബലത്തിലെന്ന്
1599560
Tuesday, October 14, 2025 2:58 AM IST
കോട്ടയം: വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പ്രൊമോഷന് തരപ്പെടുത്തി സസ്പെന്‍ഷനിലായ രണ്ട് വ്യവസായ വാണിജ്യ വകുപ്പ് ജീവനക്കാരെ തിരിച്ചെടുത്തു. വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥാനക്കയറ്റം ലഭിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
എന്നാൽ, മറ്റൊരു കേസിലെ വിധി ചൂണ്ടിക്കാട്ടി സര്‍വീസില്‍ തിരികെയെത്താന്‍ ഇവർക്ക് സഹായമായത് ഭരണാനുകൂല സംഘടനയുടെ പിന്‍ബലമാണെന്ന് എന്‍ജിഒ അസോസിയേഷനും ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനും ആരോപിച്ചു.
സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്കെതിരായ പരാതി അന്വേഷിച്ചു നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഭരണാനുകൂല സംഘടനയുടെയും സര്‍ക്കാരിന്റെയും ഒത്താശയോടെ സമയബന്ധിതമായി സസ്പെന്ഷന് കാലത്തെ നടപടികള്‍ പൂര്‍ത്തീകരിക്കാതെയും ചാര്‍ജ് മെമ്മോ നല്‍കാതെയും ഉദ്യോഗസ്ഥര്‍ക്ക് കോടതിയില്‍ പോകാനും സുപ്രീംകോടതിയുടെ വിധി ചൂണ്ടിക്കാട്ടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിനുള്ള അവസരമൊരുക്കി. ഈ കാലയളവില്‍ ഒന്നുംതന്നെ വ്യാജരേഖ ചമച്ച ഉദ്യോഗസ്ഥര്ക്കെതിരേ ക്രിമിനല്‍ നടപടി പ്രകാരമുള്ള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനോ വിജിലന്‍സില്‍ പരാതി കൊടുക്കുന്നതിനോ വകുപ്പ് അധ്യക്ഷനോ സര്‍ക്കാരോ ശ്രമിച്ചിട്ടില്ല.
സര്‍ക്കാരും ഇടതുസംഘടനകളും തമ്മിലുള്ള ഒളിച്ചുകളി അവസാനിപ്പിച്ച് കുറ്റകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍ജിഒ അസോസിയേഷനും ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനും കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ എന്‍ജിഒ അസോസിയേഷന് സംസ്ഥാന ട്രഷറര്‍ വി.പി. ബോബിന് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
എന്‍. അരുണ്‍ കുമാര്‍, സോജോ തോമസ്, അഷറഫ് പറപ്പള്ളി, അര്‍ത്തിയില്‍ സമീര്‍, കണ്ണന് ആന്‍ഡ്രൂസ്, എച്ച്. നിസാം, പി.എസ്. ഷാജിമോന്‍, ടി.കെ. അജയന്, ത്രേസ്യാമ്മ മാത്യു, ജോഷി മാത്യു, എന്‍.എസ്. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.