മെഡിക്കൽ കോളജ് ജിവിഎച്ച്എസ്എസിലെ മൈതാന പരിസരം കാടുകയറിയ നിലയിൽ
1599586
Tuesday, October 14, 2025 3:10 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ഗവ. വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മൈതാനത്തിന്റെ പരിസരം കാടുപിടിച്ചു കിടക്കുന്നത് വിദ്യാർഥികൾക്കു ഭീഷണിയാകുന്നു. മൈതാനത്ത് ഫുട്ബോളടക്കം കളിച്ചുകൊണ്ടിരിക്കുമ്പോൾ ബോൾ ദിശ തെറ്റി കാട്ടിലേക്ക് പോകാറുണ്ട്. ഇതെടുക്കാൻ കുട്ടികൾ ഇഴജന്തുക്കളെയടക്കം ഭയന്നാണ് കാട്ടിൽ കയറുന്നത്.
കാട്ടിൽനിന്ന് ഇഴജന്തുക്കൾ മൈതാനത്തേക്കിറങ്ങി വരാറുമുണ്ടെന്നും പറയുന്നു. അടുത്തിടെ മനുഷ്യതലയോട്ടിയും അസ്ഥികളും കണ്ടെത്തിയത് ഈ സ്കൂൾ മൈതാനത്തിനു സമീപത്തെ കാട്ടിൽ നിന്നാണ്.
മൈതാനത്ത് ഫുട്ബോൾ കളിക്കവെ ബോൾ കാട്ടിലേക്ക് പോയതിനെത്തുടർന്ന് അതെടുക്കാൻ പോയവരാണ് തലയോട്ടിയും അസ്ഥികളും കണ്ടത്. പ്ലസ് ടു വരെയുള്ള സ്കൂളാണിത്. നൂറുകണക്കിന് വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.
നല്ല ശതമാനം കുട്ടികളും കലാ-കായിക മത്സരത്തിൽ പങ്കെടുക്കുന്നവരാണ്. മൈതാനത്തിന്റെ ഒരു ഭാഗത്തെ മതിൽ ഇടിഞ്ഞനിലയിലാണ്. ഇതേത്തുടർന്ന് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ സ്കൂൾ വരാന്ത കൈയടക്കുന്നതായി അയൽവാസികൾ പറയുന്നു.
കുട്ടികൾക്ക് ഭീഷണിയായി മൈതാനത്തിനു ചുറ്റും വളർന്നുനിന്നിരുന്ന വന്മരങ്ങളിൾ കുറെ അടുത്തിടെ വെട്ടിമാറ്റിയിരുന്നു. എങ്കിലും മൈതാന പരിസരം ഇപ്പോഴും കാടുപിടിച്ചുകിടക്കുകയാണ്. സമീപത്തു കാടുമൂടിക്കിടക്കുന്ന വെയ്റ്റിംഗ് ഷെഡ് അലഞ്ഞു തിരിയുന്നവരുടെ കേന്ദ്രമാണ്. ഇതിന്റെ പിന്നിലാണ് വലിയ കാടുള്ളത്.