കോണത്താറ്റു പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി
1599582
Tuesday, October 14, 2025 3:10 AM IST
കുമരകം: കോണത്താറ്റു പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് വാഹനഗതാഗതം ആരംഭിച്ചത്. മന്ത്രി വി.എൻ. വാസവന്റെ കേരള സ്റ്റേറ്റ് 12-ാം നമ്പർ കാറാണ് പാലത്തിലൂടെ ആദ്യം കടന്നുപോയത്. കുമരകം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങളാണ് പാലത്തിലൂടെ കടത്തിവിടുക.
കോട്ടയത്തുനിന്നു കുമരകത്തേക്കുള്ള വാഹനങ്ങൾ താത്കാലിക റോഡിലൂടെ ഗുരുമന്ദിരം വഴി വേണം സഞ്ചരിക്കാൻ. പ്രവേശന പാതയുടെ ഒരു വശം മാത്രമാണ് ഗതാഗത യോഗ്യമാക്കിയിരിക്കുന്നത്. ബാക്കി ഭാഗം മണ്ണിട്ട് ഉയർത്തണമെങ്കിൽ മഴ മാറണം. കുമരകം ആറ്റാമംഗലം പള്ളിക്ക് എതിർവശത്തും ബസ് ബേയിലുമാണ് ബസുകൾ നിർത്തുക. ചന്തക്കവലയിലെ കാത്തിരിപ്പു കേന്ദ്രത്തിൽ തത്കാലം ബസുകൾക്ക് സ്റ്റോപ്പില്ല.
ആറ്റാമംഗലം പള്ളിയുടെ സമീപത്തെ കരിങ്കൽക്കെട്ട് പൂർത്തിയാക്കാനാണ് ഇപ്പോൾ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്. ബസ് സർവീസുകൾ പഴയതുപോലെ പുനരാരംഭിച്ചത് യാത്രക്കാർക്ക് ഏറെ ആശ്വസമായി. മന്ത്രി വി.എൻ. വാസവൻ, പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർഷാ ബൈജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജോഷിൻ കെ. മൂലക്കാട്ട്, അസിസ്റ്റന്റ് എൻജിനിയർ ജസ്റ്റീനാ ജോർജ്, എക്സിക്യൂട്ടീവ് എൻജിനിയർ സുഭാഷ് കുമാർ, കോൺട്രാക്ടർ അലക്സ് പെരുമാലി എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിട്ടത്.