സ്നേഹത്തിന്റെ വീൽചെയർ നൽകി അമേരിക്കൻ മലയാളി
1599577
Tuesday, October 14, 2025 3:09 AM IST
വൈക്കം: പിതാവിന്റെ ഓർമദിനത്തിൽ അംഗപരിമിതർക്ക് വീൽചെയർ സമ്മാനിച്ച് അമേരിക്കൻ മലയാളിയും കുടുംബവും. വൈക്കം സ്വദേശിയായ സാജുമോൻ മത്തായിയും ഭാര്യഷീബയുമാണ് വൈക്കം നിയോജകമണ്ഡലത്തിൽ താമസിക്കുന്ന പത്ത് അംഗപരിമിതർക്ക് വീൽചെയർ വിതരണം ചെയ്തത്.
വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ നടന്ന യോഗം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. 45 വർഷമായി അമേരിക്കയിലുള്ള സാജുമോൻ മത്തായി കോവിഡുകാലത്തടക്കം നിരവധി സഹായവുമായി ജന്മനാടിനെ ചേർത്തുപിടിച്ചിരുന്നു. വൈക്കത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആശാപ്രവർത്തകരെ സി.കെ. ആശ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി , മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ടിവിപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, വൈക്കം നഗരസഭാ കൗൺസിലർ അശോകൻ വെള്ളവേലി, ജോൺ വി. ജോസഫ്, ഫാ. പോൾ തോട്ടക്കാട് എന്നിവർ പ്രസംഗിച്ചു.