കര്‍ഷകരോടുള്ള സമീപനത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തണം: മാര്‍ പെരുന്തോട്ടം
1533586
Sunday, March 16, 2025 7:11 AM IST
രാമങ്കരി: കര്‍ഷകര്‍ അടിമകളല്ല, ഈ നാടിന്റെ ഉടമകളാണെന്ന ബോധ്യത്തില്‍ കര്‍ഷകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കര്‍ഷക അവഗണനയ്ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയും ക്രിസ്, ഇന്‍ഫാം എന്നീ സംഘടനകളും സംയുക്തമായി രാമങ്കരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
കോടിക്കണക്കിന് ആളുകള്‍ പട്ടിണികിടക്കുന്ന നമ്മുടെ രാജ്യത്ത് കര്ഷകന് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് യോഗ്യമായ വില നല്‍കാത്തത് അപമാനകരമാണ്. കാര്‍ഷിക മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെങ്കില്‍ പുതിയ തലമുറ ഈ മേഖലയിലേക്കു കടന്നുവരണം. അതിനു സാധിക്കണമെങ്കില്‍ മികച്ച പ്രതിഫലം ഈ മേഖലയില്‍നിന്ന് ലഭ്യമാകേണ്ടതുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു കര്‍ഷകരിലേക്ക് പ്രതിഫലം എത്തിക്കുന്ന രീതിയില്‍ കാര്‍ഷിക നയം പൊളിച്ചെഴുതണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ക്രിസ്-ഇന്‍ഫാം ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, ജോയിന്റ് ഡയറക്ടര്‍ ഫാ. സോണി പള്ളിച്ചിറ, എടത്വാ ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍, പുളിങ്കുന്ന് ഫൊറോന വികാരി ഫാ. ടോം പുത്തന്‍കളം, ഫാ. ജോസഫ് ചൂളപ്പറമ്പില്‍, ഫാ. ജോസഫ് കട്ടപ്പുറം,
ഫാ. ജോസഫ് കുറിയന്നൂര്‍പറമ്പില്‍, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, സി.റ്റി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, റോസ്ലിന് കെ. കുരുവിള, ജിനോ ജോസഫ്, പ്രോഗ്രാം കണ്‍വീനർമാരായ ചാക്കപ്പന് ആന്റണി, ജോസി ഡൊമിനിക്, സെക്രട്ടറിമാരായ കുഞ്ഞ് കളപ്പുര, സെബാസ്റ്റ്യന്‍ വര്‍ഗീസ്, പി.സി. കുഞ്ഞപ്പന്, ജെസി ആന്റണി, സിസി അമ്പാട്ട്, അഡ്വ.പി.പി ജോസഫ്, സണ്ണിച്ചന് കൊടുപ്പുന്ന, മാത്തുക്കുട്ടി കഞ്ഞിക്കര, സോണിച്ചന്‍ ആന്റണി, തോമസ് ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധസദസില്‍ ഉന്നയിച്ച ആവശ്യങ്ങള്‍
കൊയ്ത്ത്, മെതിയന്ത്രങ്ങള്‍ യഥാസമയം ലഭ്യമാക്കുക, കൊയ്തെടുത്ത നെല്ല് കൃത്യസമയത്ത് സംഭരിക്കുക, ഏജന്റുമാരുടെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കുക, ശേഖരിച്ച നെല്ലിന്റെ പണം ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കുക, താങ്ങുവില 40 രൂപയായി വര്‍ധിപ്പിക്കുക, ചെലവുകള്‍ക്ക് ആനുപാതികമായി ഹാന്‍ഡിലിംഗ് ചാര്‍ജ് ഉയര്‍ത്തുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്.