വയോധികയെ കബളിപ്പിച്ചു യുവാവ് മൂന്നു പവൻ സ്വർണം കവർന്നു
1533288
Sunday, March 16, 2025 2:36 AM IST
തലയോലപ്പറമ്പ്: ഉത്സവത്തിനെത്തിയ വയോധികയുടെ സ്വർണാഭരണങ്ങൾ സൗഹൃദം സ്ഥാപിച്ച് യുവാവ് തട്ടിയെടുത്തു. വടയാർ ഇളങ്കാവ് ദേവീക്ഷേത്ര വളപ്പിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം.
മുളക്കുളം കീഴൂരിലുള്ള 63 കാരിയായ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയും കൈയിലെ അരപ്പവന്റെ സ്വർണ മോതിരവുമാണ് യുവാവ് തട്ടിയെടുത്തത്. 19,000 രൂപ ആലുവയിലുള്ള കമ്പനിയിൽ കൊടുത്താൽ ഒൻപത് ലക്ഷം രൂപ സർക്കാരിൽനിന്നു കിട്ടുമെന്ന് പറഞ്ഞാണ് യുവാവ് വയോധികയെ കബളിപ്പിച്ചത്.
പണമില്ലെന്ന് ആദ്യം പറഞ്ഞ ഇവരുടെ ഫോൺ വാങ്ങി മക്കളെ വിളിക്കുന്നതായി ഭാവിക്കുകയും തുടർന്ന് കഴുത്തിൽ കിടക്കുന്ന സ്വർണമാല വാങ്ങിക്കാൻ മക്കൾ പറഞ്ഞതായി വയോധികയെ വിശ്വസിപ്പിച്ച ശേഷം ആഭരണങ്ങൾ കൈക്കലാക്കുകയുമായിരുന്നു. രാത്രി വൈകി വീട്ടിലെത്തിയ മക്കളോട് വീട്ടമ്മ വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് മനസിലായത്.
തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചതായി അറിയുന്നു.