അമ്പാറയില്‍ കാര്‍ മോഷണം, പൈകയില്‍ മോഷണശ്രമം
1532977
Saturday, March 15, 2025 12:02 AM IST
പാലാ: അമ്പാറയില്‍ കടയുടെ മുന്‍വശത്ത് പാര്‍ക്കു ചെയ്തിരുന്ന കാര്‍ പട്ടാപ്പകല്‍ മോഷണം പോയി. ഇന്നലെ രാവിലെ 12.15ഓടെയാണ് സംഭവം. ഇവിടെ സര്‍വീസ് സെന്ററില്‍ എത്തിച്ച എരുമേലി സ്വദേശി ശരത്കുമാറിന്റെ വാഹനമാണ് മോഷണം പോയത്. സര്‍വീസ് സെന്ററിന്റെ മുന്വശത്തുനിന്നാണ് വാഹനം മോഷണം പോയത്. മോഷ്ടാവ് റോഡിനു കുറുകെ നടന്നുവന്ന് വാഹനത്തില്‍ കയറുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വാഹനവുമായി പാലാ ഭാഗത്തേക്കു കടന്നുവെന്നാണു സൂചന.
ബംഗളൂരുവില്‍നിന്നു ലേലത്തില്‍ പിടിച്ച വാഹനമാണ് അമ്പാറയില്‍ സര്‍വീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഈരാറ്റുപേട്ട പോലീസില്‍ ഉടമ പരാതി നല്കി.
പൈക: ഇന്നലെ അര്‍ധരാത്രി പൈകയില്‍ വീട്ടുമുറ്റത്ത് കിടന്ന കാര്‍ മോഷ്ടിക്കാന്‍ ശ്രമം നടന്നു. രാത്രി ഒന്നോടെ പൈക ടൗണിലാണ് മോഷണശ്രമം നടന്നത്. പൂട്ട് പൊളിച്ച സമയം കാറിൽനിന്ന് അലാറം മുഴങ്ങിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. കാറിൽനിന്ന് ഒരു കൂളിംഗ് ഗ്ലാസും കണ്ണടയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടാവിന്റേതെന്നു കരുതുന്ന പ്ലെയര്‍ വാഹനത്തില്‍നിന്നു കണ്ടുകിട്ടിയിട്ടുണ്ട്. പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.