സ്റ്റുഡന്റ്സ് സേവിംഗ് സ്കീം: നിക്ഷേപത്തിലും സ്കൂളുകളുടെ എണ്ണത്തിലും ജില്ല ഒന്നാമത്
1532917
Friday, March 14, 2025 7:08 AM IST
കോട്ടയം: ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായുള്ള സ്റ്റുഡന്റ്സ് സേവിംഗ് സ്കീമിൽ സംസ്ഥാനത്ത് ഈ വർഷം ഏറ്റവുമധികം നിക്ഷേപം ലഭിച്ചത് ജില്ലയിൽ. കൂടുതൽ സ്കൂളുകളെ ചേർത്ത ജില്ലയും കോട്ടയമാണ്. ജില്ലയിൽ 862 സർക്കാർ, എയിഡഡ് സ്കൂളുകളുള്ളതിൽ 836 ഇടത്തും (97 ശതമാനം) പദ്ധതി തുടങ്ങി.
പദ്ധതിയിൽ ചേർന്ന 26,793 കുട്ടികളിൽ നിന്നായി 86,24,637 രൂപയാണ് മാർച്ച് 12 വരെയുള്ള നിക്ഷേപം. 322 രൂപയാണ് ഒരു കുട്ടിയുടെ ശരാശരി നിക്ഷേപം. 20 ശതമാനം കുട്ടികൾ പദ്ധതിയിൽ ചേർന്നു.
അടുത്ത അധ്യയനവർഷം ജില്ലയിലെ മുഴുവൻ വിദ്യാർഥികളെയും പദ്ധതിയുടെ ഭാഗമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കർമപദ്ധതികളാവിഷ്കരിച്ചു.
എല്ലാ സർക്കാർ, എയിഡഡ് സ്കൂളുകളും പദ്ധതിയുടെ ഭാഗമാകുന്നെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിനായി എഇഒ തലത്തിൽ യോഗം ചേരുകയും സ്കൂളുകളിൽ പ്രത്യേക പിടിഎ യോഗങ്ങൾ ചേരുകയും ചെയ്യും.