ലഹരി വിരുദ്ധ കാന്പയിനുമായി ദീപികയും ദീപിക ബാലസഖ്യവും
1532676
Thursday, March 13, 2025 11:39 PM IST
കാഞ്ഞിരപ്പള്ളി: മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ് എന്ന സന്ദേശവുമായി ദീപികയും ദീപിക ബാലസഖ്യവും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ കാന്പയിൻ ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിൽ നടത്തി. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ഷെവ.അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
സമൂഹജീവിതത്തിന് വെല്ലുവിളി ഉയർത്തി തലമുറകളെ സർവനാശത്തിലേക്ക് തള്ളി വിടുന്ന അക്രമങ്ങൾ, കൊലപാതങ്ങൾ എന്നിവയ്ക്കെതിരെ ദീപികയും ദീപിക ബാലസഖ്യവും നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ കാന്പയിനിൽ എല്ലാ കുട്ടികളും പങ്കുചേരണമെന്ന് അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിദ്യാർഥികൾക്ക് ഷെവ.അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രിൻസിപ്പൽ സിസ്റ്റർ റോസ്മിൻ എസ്എബിഎസ് അധ്യക്ഷത വഹിച്ചു. ഡിസിഎൽ നാഷണൽ കോർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. സൂസമ്മ മാത്യു, സിസ്റ്റർ തെരേസ് എസ്എബിഎസ്, നിഷ മാത്യു, സ്കൂൾ ലീഡർ റിയ ടോണി, ഇ.എസ്. കൃഷ്ണജിത്ത് എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥി സമൂഹത്തെയും തലമുറകളെയും നശിപ്പിക്കുന്ന മയക്കുമരുന്ന് എന്ന മാരക വിപത്തിനെതിരെ സമൂഹ മനസാക്ഷിയെ ഉണർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കാന്പയിൻ നടത്തുന്നത്. ഇന്ന് രാവിലെ 9.15ന് കാഞ്ഞിരപ്പള്ളി ഇൻഫന്റ് ജീസസ് പബിക് സ്കൂളിലും 10.15ന് കാളകെട്ടി നിർമല പബ്ലിക് സ്കൂളിലും കാന്പയിൻ നടക്കും.