തിരുവാർപ്പ് മൂന്നാംവട്ടവും ജില്ലയിലെ മികച്ച പഞ്ചായത്ത്
1515404
Tuesday, February 18, 2025 4:49 AM IST
തിരുവാർപ്പ്: തിരുവാർപ്പ് പഞ്ചായത്ത് തുടർച്ചയായി മൂന്നാം തവണയും ജില്ലയിൽ ഒന്നാമതെത്തി സ്വരാജ് ട്രോഫി പുരസ്കാരം നേടി. സ്വരാജ് ട്രോഫിയോടൊപ്പം 20 ലക്ഷം രൂപ പുരസ്കാരത്തുകയും സാക്ഷ്യപത്രവും തിരുവാർപ്പ് പഞ്ചായത്തിന് ലഭിക്കും. മാലിന്യനിർമാർജനരംഗത്തു സർക്കാർ നിഷ്കർഷിച്ച മാനദണ്ഡങ്ങലെല്ലാം പാലിച്ച് മികച്ച നേട്ടമുണ്ടാക്കാനായതാണ് ഇത്തവണ പഞ്ചായത്തിനെ പുരസ്കാരത്തിനർഹമാക്കിയത്.
ഹരിതകർമസേനയുടെ നേതൃത്വത്തിൽ എല്ലാ വീടുകളിൽനിന്നും അജൈവമാലിന്യങ്ങളും പാഴ്വസ്തുക്കളും ശേഖരിച്ചു. പാതയോരങ്ങളെല്ലാം പൊതുജന സഹകരണത്തോടെ വൃത്തിയാക്കി. മാലിന്യം വലിച്ചെറിയുന്നതിനെതിരേ ബോധവത്കരണം നടത്തുകയും ശക്തമായ നടപടികളെടുക്കുകയും ചെയ്തു.
മാലിന്യം പൊതുസ്ഥലത്തു തള്ളിയ 43 പേരിൽനിന്ന് പിഴ ഈടാക്കി.
പഞ്ചായത്തിൽ നടപ്പാക്കിയ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ, വാർഷിക പദ്ധതിയിലെ പ്രവർത്തനമികവ്, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ, ഭിന്നശേഷി സൗഹൃദ സമീപനം തുടങ്ങിയ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ പുരസ്കാര നേട്ടത്തിൽ എത്തിച്ചതെന്നാണ് തിരുവാർപ്പ് പഞ്ചായത്ത് ഭരണ സമിതിയുടെ വിലയിരുത്തൽ.
സ്വരാജ് ട്രോഫി പുരസ്കാരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം മരങ്ങാട്ടുപിള്ളി പഞ്ചായത്തിനാണ്. പത്തുലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് ലഭിക്കുക.