പൈലിക്കവല-തോട്ടയ്ക്കാട് റോഡ് തകര്‍ന്നു; യാത്ര ദുരിതം
1515397
Tuesday, February 18, 2025 4:49 AM IST
കുറുമ്പനാടം: പെരുമ്പനച്ചി-തോട്ടയ്ക്കാട് റോഡിലെ പൈലിക്കവല മുതല്‍ തോട്ടയ്ക്കാടു വരെയുള്ള ഭാഗം തകര്‍ന്നു യാത്രദുരിതമായി. ടാറിംഗ് തകര്‍ന്നതിനു പിന്നാലെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ജലഅഥോറിറ്റി റോഡ് വെട്ടിപ്പൊളിച്ചതോടെ കൂടുതല്‍ തകര്‍ച്ച നേരിടുകയായിരുന്നു. മൂന്നരകിലോമീറ്റര്‍ ദൂരമാണ് റോഡ് തകര്‍ന്നത്. ഇതില്‍ 50 മീറ്റര്‍ ഭാഗം അപകടാവസ്ഥയിലാണ്.
പൈലിക്കവല ഭാഗത്ത് ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡിന്റെ ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ വരുന്ന പെരുമ്പനച്ചി മുതല്‍ പൈലിക്കവല ജംഗ്ഷനു മുമ്പുവരെയുള്ള ഭാഗത്തെ ടാറിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവിടെ മുതല്‍ തോട്ടയ്ക്കാട് അമ്പലക്കവലവരെ റോഡ് തകര്‍ന്നുകിടക്കുകയാണ്.
ജലഅഥോറിറ്റിയുടെ പൈപ്പിടീല്‍ പൂര്‍ത്തിയാകാത്തതാണു നവീകരണം വൈകുന്നതിന് കാരണമെന്നാണ് പൊതുമരാമത്തു വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.