വെളിയന്നൂർ ബ്രാൻഡിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം
1515148
Monday, February 17, 2025 11:52 PM IST
വെളിയന്നൂർ: വികസനമുന്നേറ്റത്തിൽ വെളിയന്നൂർ ബ്രാൻഡിന് ഒന്നാംസ്ഥാനം. സംസ്ഥാനത്ത് മികച്ച വികസനം നടത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന സ്വരാജ് ട്രോഫിക്ക് വെളിയന്നൂർ പഞ്ചായത്ത് അർഹമായി. 50 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും ഉൾക്കൊള്ളുന്ന പുരസ്കാരം നാളെ ഗുരുവായൂരിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെളിയന്നൂർ പഞ്ചായത്തിന് സമ്മാനിക്കും.
മുന്നേറ്റവഴികൾ ഇങ്ങനെ
സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിന് പുറമേ അതിദാരിദ്ര്യ നിർമാർജനത്തിലെ പുരോഗതി കൈവരിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ പുരോഗതി കൈവരിച്ചു. മാലിന്യ സംസ്കരണം രംഗത്ത് പുതുമാതൃകകൾ സ്വീകരിച്ചു. ആരോഗ്യ-വിദ്യഭ്യാസ മേഖലയിലെ നേട്ടങ്ങളുണ്ടാക്കി. ഭിന്നശേഷി സൗഹൃദ സമീപനം പഞ്ചായത്ത് ഓഫീസിൽനിന്നു ലഭിക്കുന്ന സേവനങ്ങളിലേ കൃത്യത ഉറപ്പാക്കി.
വാർഷിക പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചു. നൂറു ശതമാനം പദ്ധതി പ്രവർത്തനം പൂർത്തിയാക്കി. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ നോക്കുന്ന തിരക്കിൽ ജോലിയും വരുമാനവും ഇല്ലാതാകുന്ന മാതാപിതാക്കൾക്കായി സ്കൂളിനോട് ചേർന്ന് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നതിന് സംരംഭങ്ങൾ ആരംഭിച്ചു. കനിവ് പേപ്പർ പ്രോഡക്ട്സ് എന്ന സ്ഥാപനത്തിലൂടെ പേപ്പർ പേന, നോട്ട് പാഡ്, ഫയലുകൾ എന്നിവ ആരംഭിച്ചു.
അംഗീകാരവഴികൾ
വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം തുടർച്ചയായി രണ്ടു തവണ ലഭിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലെ നാല് സബ് സെന്ററുകളെയും ജനകീയ ആരോഗ്യ കേന്ദ്രമായി ഉയർത്തി.
തരിശുകിടന്ന 26 ഏക്കർ പാടശേഖരം തുർച്ചയായ എട്ട് വർഷവും കൃഷി ചെയ്തു. വിളനാശം, ഉത്പന്നങ്ങളുടെ വിലക്കുറവ് ,തൊഴിലാളികളുടെ ക്ഷാമം എന്നിവ പരിഹരിച്ചു. ലൈഫ് മിഷൻ രണ്ട് ഘട്ടങ്ങളിലായി മുഴുവൻ കുടുംബങ്ങൾക്കും വീട് നിർമാണം നടത്തി. നെറ്റ്സീറോ കാർബൺ കേരളം ജനങ്ങളിലൂടെ കാമ്പയിൻ ജില്ലയിൽ ആദ്യഘട്ടത്തിൽ ഏറ്റെടുക്കനായി.
സജേഷിന്റെ നേതൃത്വം
പ്രസിഡന്റ് സജേഷ് ശശിയുടെ നേതൃത്വത്തിലുള്ള കൂട്ടായ പരിശ്രമങ്ങളാണ് പഞ്ചായത്തിന് നേട്ടമായത്. ജിനി സിജുവാണ് വൈസ് പ്രസിഡന്റ്. സെക്രട്ടറി ടി. ജിജിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും പദ്ധതി രൂപീകരണത്തിലും നിർവഹണത്തിലും സജീവമായി രംഗത്തെത്തിയത് പഞ്ചായത്തിനെ അംഗീകാര മികവിലെത്തിച്ചു.