കോട്ടയം നഗരസഭയിലെ തട്ടിപ്പ്: മറ്റു നഗരസഭകളിലേക്കും അന്വേഷണം
1515111
Monday, February 17, 2025 6:30 AM IST
കോട്ടയം: നഗരസഭയില്‍ ചെക്ക് ഡ്രാഫ്റ്റുകളുമായി പണം അടയ്ക്കാനായി രസീത് നല്കി കൈപ്പറ്റിയ രേഖകള്‍ ബാങ്കുകളിലെത്താതെ 211 കോടി രൂപ അപഹരിക്കപ്പെട്ട മാതൃകയില്‍ മറ്റു നഗരസഭകളിലും തട്ടിപ്പു നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. എ ക്ലാസ് നഗരസഭകളില്‍ ഒരു മാസത്തിനകം പ്രത്യേക പരിശോധന പൂര്‍ത്തിയാക്കാന്‍ സംസ്ഥാന വ്യാപകമായി 21 നഗരസഭകളിലേക്കായി പ്രത്യേക ഓഡിറ്റ് ടീമിനെ ചുമതലപ്പെടുത്തി തദ്ദേശഭരണ വകുപ്പ് ഡയറക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി.
കോട്ടയം നഗരസഭയില്‍ തട്ടിപ്പു നടന്നിട്ടില്ലെന്നും ക്ലറിക്കല്‍ പിശക് മാത്രമാണു സംഭവിച്ചതെന്നും വാദിച്ചിരുന്ന ഭരണസമിതിയുടെ വിശദീകരണം തള്ളി സംസ്ഥാനതല പരിശോധനാ സംഘം കണ്ടെത്തിയ കൂടുതല്‍ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണു സര്‍ക്കാരിന്റെ നടപടി.
മുനിസിപ്പാലിറ്റികള്‍ പ്രത്യേക വിഭാഗമായാണ് പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്ത് വകുപ്പുമായി ബന്ധമുണ്ടായിരുന്നില്ല. രണ്ടു വകുപ്പുകളും യോജിപ്പിച്ച് ഡയറക്ടറേറ്റ് രൂപീകരിച്ചതോടെയാണ് കോട്ടയം നഗരസഭയിലെ തട്ടിപ്പ് പുറത്തുവന്നത്. അതിന്റെ തുടര്‍ പരിശോധന സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിലൂടെ ഈ തട്ടിപ്പു രീതി മറ്റു നഗരസഭകളിലും നടന്നിട്ടുണ്ടോ എന്നറിയാനാകും.
കോട്ടയം നഗരസഭയിലെ തട്ടിപ്പിനെതിരേ എല്‍ഡിഎഫ് നടത്തിയ പോരാട്ടത്തിന്റെ ആദ്യ വിജയമാണിതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ പറഞ്ഞു. തട്ടിപ്പിനു കൂട്ടുനിൽക്കുന്ന ബിജെപിയുടെ നയം പരിഹാസ്യമാണെന്നും അദ്ദേഹം ആരോപിച്ചു.
അഖിൽ സി. വർഗീസ് ഉടൻ പിടിയിലായേക്കും
കോട്ടയം: നഗരസഭയിലെ പെന്ഷന് ഫണ്ടില്‍നിന്നു രണ്ടരക്കോടി രൂപ തട്ടിയെടുത്ത മുന്‍ ക്ലാര്‍ക്ക് അഖില്‍ സി. വര്‍ഗീസ് ഉടന്‍ പിടിയിലായേക്കും. ഇയാള്‍ കേരളത്തില്‍ത്തന്നെ ഒളിവിലെന്നു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കേരള - തമിഴ്നാട് അതിര്‍ത്തിയിലാണു പ്രതിയുള്ളത്. തമിഴ്നാട്ടിലേക്കു കടക്കാനുള്ള സാധ്യതയും പോലീസ് സംശയിക്കുന്നുണ്ട്.
കൊടൈക്കനാല്‍, മൈസൂരു, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ഒളിത്താമസത്തിനുശേഷമാണു കേരളത്തില്‍ എത്തിയത്. ഉടന്‍ വലയിലാകുമെന്നാണു സൂചന. വിദേശത്തേക്കു കടക്കാനുള്ള പഴുതുകള്‍ അടച്ച് വിജിലന്‍സ് അന്വേഷണം ശക്തമാക്കി. നഗരസഭയില്‍ ജീവനക്കാരനായിരിക്കെ പെന്ഷന് ഫണ്ടില്‍നിന്ന് അമ്മയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് 2020 ഫെബ്രുവരി 25 മുതല്‍ 2023 ഒക്ടോബര്‍ 16 വരെയുള്ള കാലയളവില്‍ രണ്ടരക്കോടി അയച്ച് തട്ടിപ്പ് നടത്തിയെന്നാണ് അഖിലിനെതിരേയുള്ള കേസ്.
കോട്ടയം വെസ്റ്റ് പോലീസ് 2024 ഓഗസ്റ്റ് എട്ടിന് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. അതിനുശേഷം വിജിലന്‍സിനു കൈമാറുകയായിരുന്നു. സംഭവത്തില്‍ നഗരസഭാ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ നാലുപേരെ സസ്പെന്‍ഡ് ചെയ്തിരുന്നു.