ഇനി കണ്ണിമാങ്ങാക്കാലം
1514816
Sunday, February 16, 2025 11:53 PM IST
പാലാ: കണ്ണിമാങ്ങയ്ക്ക് പ്രിയമേറുന്നതിനൊപ്പം വിലയും കൂടി. പൊതു വിപണിയില്‍ കിലോഗ്രാമിന് 270 രൂപ വരെയാണ് വില. മാങ്ങയുടെ ഗുണനിലവാരവും വലുപ്പവും അനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുണ്ട്. വന്‍കിട അച്ചാര്‍ കമ്പനികള്‍ ഉള്‍പ്പെടെ ഗ്രാമമേഖലകളിലെത്തി കണ്ണിമാങ്ങ വാങ്ങിക്കുന്നുണ്ട്.
പ്രതികൂല കാലാവസ്ഥയില്‍ മാങ്ങയുടെ ലഭ്യത കുറഞ്ഞു. ഇപ്രാവശ്യം മാവുകള്‍ നിറയെ പൂത്തെങ്കിലും മാങ്ങകള്‍ പിടിക്കുന്നത് കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. ഉയര്‍ന്ന താപനിലയാണ് കാരണമായി പറയുന്നത്.
ഉള്‍നാടന്‍ പ്രദേശങ്ങളിലെ മാവുകളെയാണ് കച്ചവടക്കാര്‍ മുന്‍കൂര്‍ കച്ചവടമുറപ്പിച്ച് സ്വന്തമാക്കുന്നത്. കൃത്യമായ ചേരുവകളോടെ കല്ഭരണികളില് നിറച്ചു മണ്ണില്‍ കുഴിച്ചിട്ട് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു പണ്ട് തറവാടുകളില്‍ കണ്ണിമാങ്ങ അച്ചാറെടുത്തിരുന്നത്.
നാട്ടിന്‍പുറങ്ങളിലെ കൃഷിയിടങ്ങളില്‍ കണ്ണിമാങ്ങയുണ്ടെങ്കിലും അതു നിലത്തുവീഴാതെ പറിച്ചെടുക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. മരത്തില്‍ കയറാന്‍ ആളുമില്ല.
അതുകൊണ്ടുന്നെ കയറുന്നവര്‍ക്ക് 2000 മുതല്‍ 4000 വരെ രൂപ കൊടുക്കേണ്ടി വരുന്നുണ്ട്. പാലായിലും പരിസരപ്രദേശങ്ങളിലും വില്‍പ്പനക്കാര്‍ ഏറെയുണ്ട്. .