കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരിക്ക്
1514811
Sunday, February 16, 2025 11:53 PM IST
മുക്കൂട്ടുതറ: ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീർഥാടകൻ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി അപകടം. കട ഉടമയ്ക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് മുക്കൂട്ടുതറ - പമ്പ ശബരിമല പാതയിൽ മുട്ടപ്പള്ളി നാൽപതേക്കറിൽ ആണ് അപകടം. കടയ്ക്കുള്ളിൽ ഇരിക്കുകയായിരുന്ന ഉടമ എലിവാലിക്കര സ്വദേശി പുത്തൻപുരയ്ക്കൽ സാബു (51) വിന്റെ കൈകൾക്ക് ഒടിവുകളുണ്ട്. മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ പ്രവശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം സാബുവിനെ പാലാ മാർസ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലാ രാമപുരം സ്വദേശി സഞ്ചരിച്ച കാർ ആണ് നിയന്ത്രണം തെറ്റി അപകടത്തിൽപെട്ടത്. ഇയാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഇയാൾക്ക് നിസാര പരിക്കുണ്ട്. കട ഭാഗികമായി തകർന്നു. ഡ്രൈവിംഗിനിടെ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.