ആനപ്പേടിയിൽ ടിആർ ആൻഡ് ടി എസ്റ്റേറ്റ്; വീണ്ടും ആന ഇറങ്ങിയതായി നാട്ടുകാർ
1513813
Thursday, February 13, 2025 10:33 PM IST
മുണ്ടക്കയം ഈസ്റ്റ്: കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ പൊലിഞ്ഞു ദിവസങ്ങൾ പിന്നിടും മുമ്പ് ടിആർ ആൻഡ് ടി എസ്റ്റേറ്റിന്റെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന എത്തിയതായി പ്രദേശവാസികൾ.
ചെന്നാപ്പാറ കൊമ്പൻപാറയിൽ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. ഇതിനുസമീപം വീണ്ടും കാട്ടാനക്കൂട്ടം എത്തിയതായാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടാനക്കൂട്ടത്തെ കാടുകയറ്റിയെങ്കിലും നേരം വെളുത്തുതോടെ ഇവ വീണ്ടും എസ്റ്റേറ്റിനോട് ചേർന്നുള്ള ഭാഗങ്ങളിൽ വന്നതായും തൊഴിലാളികൾ പറയുന്നു.
അതേസമയം, തൊഴിലാളി കുടുംബങ്ങളെ വീണ്ടും ഭീതിയിലാക്കി കടമാൻകുളം, മഞ്ഞക്കല്ലോരം ഭാഗങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഒരാനയാണ് ഇവിടെ എത്തിയിരിക്കുന്നതെന്നാണ് നിഗമനം. മഞ്ഞക്കല്ലോരത്ത് സോളാർ വേലികൾ തകർത്ത് അകത്തുകയറിയ കാട്ടാന കൈതകൃഷി തകർത്തിട്ടുണ്ട്. കടമാൻകുളം തോടിനു സമീപവും ആനയുടെ സാന്നിധ്യം പ്രദേശവാസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ആനയ്ക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വനംവകുപ്പും നാട്ടുകാരും പറയുന്നത്. എന്നാൽ, മുമ്പത്തേതുപോലെ ആനയുള്ള ഭാഗങ്ങളിലേക്കു ചെല്ലുവാൻ തൊഴിലാളികളും ഭയപ്പെടുകയാണ്.
തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന നിരവധി ലയങ്ങളുള്ള ഭാഗമാണ് കടമാൻകുളം മേഖല. കൂട്ടമായിട്ടല്ലാതെ ഒറ്റയ്ക്ക് നടക്കുന്ന ആന അക്രമകാരിയാകാൻ സാധ്യതയുണ്ടെന്ന നിഗമനത്താൽ ആളുകൾ വലിയ ഭയപ്പാടിലാണ്. ഡ്രോണുകളുടെ സഹായത്തോടെ മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ടെന്നാണ് വനംവകുപ്പു പറയുന്നത്. എന്നാൽ, നിരീക്ഷണം നടത്തിയതുകൊണ്ട് എന്തു പ്രയോജനം എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
പരിഹാരമില്ലാത്ത
വന്യമൃഗശല്യം
പെരുവന്താനം പഞ്ചായത്തിന്റെ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം ഉടൻ ഉണ്ടാകാൻ സാധ്യത വിരളമാണ്. ഒരാളുടെ ജീവൻ നഷ്ടമായിട്ടും പ്രശ്നത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികളൊന്നും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടില്ല. പതിവ് രീതികൾ തന്നെയാണ് ഇപ്പോഴും അവലംബിക്കുന്നത്.
വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയോ അടിയന്തരമായും ദീർഘനാളുകൾ കൊണ്ടു നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചു പഠനം നടത്തുകയോ ഒന്നും ചെയ്യാതെ ഏറ്റവും താഴേത്തട്ടിലുള്ള വനപാലകരെ വന്യമൃഗങ്ങൾ ഇറങ്ങുന്ന ഭാഗത്തേക്കു പറഞ്ഞയയ്ക്കുകയും ഇവർ ഒച്ചയുണ്ടാക്കിയും പടക്കം പൊട്ടിച്ചും വന്യമൃഗങ്ങള തുരുത്തുന്ന രീതിയാണ് ഇപ്പോഴും അവലംബിക്കുന്നത്. എസ്റ്റേറ്റിലെ വളർന്നുനിൽക്കുന്ന അടിക്കാടുകൾ വെട്ടുന്നതിനുള്ള ശക്തമായ നിർദേശവും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
അതേസമയം, എസ്റ്റേറ്റിലെ വർഷങ്ങളായി പ്ലാന്റ് ചെയ്യാതെ കാടു മൂടിക്കിടക്കുന്ന ഏക്കർകണക്കിനു ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.