ജെഇഇ കേരള ടോപ്പർ അക്ഷയ് ബിജുവിന് കെഇ സ്കൂളിന്റെ അനുമോദനം
1513808
Thursday, February 13, 2025 8:12 AM IST
മാന്നാനം: ജെഇഇ മെയിൻ സെക്ഷൻ വണ്ണിൽ 99.99605 സ്കോർ നേടി കേരളത്തിൽ ഒന്നാമനായ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അക്ഷയ് ബിജു ബി.എന്നിന് സ്കൂളിൻ്റെ അനുമോദനം. ഇന്നലെ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐയുടെ നേതൃത്വത്തിൽ അധ്യാപകരും സഹപാഠികളും ചേർന്ന് അക്ഷയ് ബിജുവിന് സ്വീകരണം നൽകി.
കോഴിക്കോട് കാക്കൂർ സ്വദേശിയായ അക്ഷയ് കോഴിക്കോട് സബ് ട്രഷറി ഉദ്യോഗസ്ഥനായ ബിജുവിന്റെയും ആയുർവേദ ഡോക്ടറായ ഗോപിക ബിജുവിന്റെയും മകനാണ്.2024ലെ കെമിസ്ട്രി ഒളിമ്പ്യാഡ്, 2024-2025 ഐഎംഒ തുടങ്ങി നിരവധി മത്സര പരീക്ഷകളിൽ ജേതാവാണ്.
കെഇ സ്കൂളിലെ 35ലേറെ വിദ്യാർഥികൾ ജെഇഇ സെക്ഷൻ വൺ പരീക്ഷയിൽ 99 ശതമാനത്തിൽ കൂടുതൽ സ്കോർ കരസ്ഥമാക്കി. 2024 നീറ്റ് ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ദേശീയതലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീനന്ദ് ഷർമിൾ തുടങ്ങി മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകളിൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കുന്ന കെഇ സ്കൂളിന് 2025 ജെഇഇ മെയിൻ സെക്ഷൻ വണ്ണിൽ അക്ഷയ് നേടിയ ഈ വിജയം ഏറെ അഭിമാനവും പ്രചോദനവും ആണെന്ന് റാങ്ക് ജേതാക്കളെ ആദരിച്ചുകൊണ്ട് സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ പറഞ്ഞു.