ഡോ. ജോര്‍ജ് ജേക്കബിന്റെ വിയോഗം: ഡോക്ടര്‍ കുടുംബത്തിനു നഷ്ടമായത് കാരണവരെ
1513801
Thursday, February 13, 2025 8:12 AM IST
കോട്ടയം: ഡോ. ജോര്‍ജ് ജേക്കബിന്റെ വിയോഗത്തിലൂടെ ഡോക്ടര്‍ കുടുംബത്തിലെ കാരണവരെയാണ് നഷ്ടമായത്. പാമ്പാടി പുള്ളോലിക്കല്‍ കുടുംബത്തിലെ ആദ്യത്തെ ഡോക്ടറാണു കഴിഞ്ഞദിവസം അന്തരിച്ച ഡോ. ജോര്‍ജ് ജേക്കബ്. കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം സ്ഥാപക മേധാവിയും പ്രമുഖ ഹൃദ്രോഗ ചികിത്സാവിദഗ്ധനും കാരിത്താസ് ആശുപത്രി കാര്‍ഡിയോളജി വിഭാഗം മുന്തലവനുമായിരുന്നു ഡോ. ജോര്‍ജ് ജേക്കബ്.
ഭൗതികശരീരം ഇന്നലെ വൈകുന്നേരം വസതിയില്‍ എത്തിച്ചു. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞു രണ്ടിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം 3.30ന് പാമ്പാടി ഈസ്റ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ചെറിയ പള്ളിയില്‍.
1964ല്‍ ജനറല്‍ മെഡിസിന് അസിസ്റ്റന്റ് പ്രഫസറായി കോട്ടയം മെഡിക്കല്‍ കോളജില്‍ സേവനമാരംഭിച്ച ഡോക്ടർ 1970ല്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചപ്പോള്‍ മേധാവിയും പ്രഫസറുമായി. മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്കി.
കൊല്‍ക്കത്ത മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോ. ജോര്‍ജ് ജേക്കബ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ രജിസ്ട്രാര്‍ ഇന്‍ കാര്‍ഡിയോളജി ആന്‍ഡ് ജനറല്‍ മെഡിസിന് ആയിരുന്നു. 1960 മുതല്‍ 64 വരെ ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ യൂണിവേഴ്സിറ്റിയില്‍ കാര്‍ഡിയോളജി വിഭാഗം റജിസ്ട്രാര്‍ ആയിരുന്നു.
1986ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നു വിരമിച്ചശേഷം രണ്ടു പതിറ്റാണ്ടോളം കോട്ടയം കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി പ്രവര്‍ത്തിച്ചു. പ്രമുഖരായ ഒട്ടേറെ ഡോക്ടര്‍മാരുടെ അധ്യാപകന് കൂടിയായ ഡോ. ജോര്‍ജ് ജേക്കബ് മധ്യകേരളത്തിലെ ആദ്യകാല ഹൃദ്രോഗ ചികിത്സാവിദഗ്ധരില് പ്രമുഖനാണ്.
കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം പേരെടുത്തത്തിനു പിന്നില്‍ ഡോ. ജോര്‍ജ് ജേക്കബിന്റെ അര്‍പ്പണമുണ്ട്. 1970ല്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചപ്പോള്‍ സ്ഥാപക മേധാവിയായി. 28 കിടക്കകളുണ്ടായിരുന്ന ഈ വിഭാഗത്തില്‍ ഇക്കോ ലാബ്, കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ എന്നിവ തുടങ്ങാന്‍ നേതൃത്വം നല്കിയതും ഡോക്ടറാണ്. രാവിലെ ഏഴിനു മെഡിക്കല്‍ കോളജില്‍ എത്തുമായിരുന്ന ഡോക്ടര്‍ രാത്രി 10നുശേഷമാണ് പലദിവസങ്ങളിലും മടങ്ങിയിരുന്നത്. രോഗികളോടും ബന്ധുക്കളോടുമുള്ള സമീപനത്തില്‍ ഇത്രയധികം സമര്‍പ്പണവും ആത്മാര്‍ഥതയും ഉള്ളവരെ വേറെ കാണാനാകില്ല. രോഗനിര്‍ണയത്തിലും ചികിത്സയിലും അപാര വൈഭവമുണ്ടായിരുന്ന അദ്ദേഹം നേരവും കാലവും നോക്കാതെ രോഗികള്‍ക്കുവേണ്ടി സമയം ചെലവഴിച്ചു.
നിര്‍ധനരായ രോഗികള്‍ക്കു മരുന്നുവാങ്ങാന്‍ സ്വന്തം കൈയ്യില്‍നിന്നു പണം നല്കാന് അദ്ദേഹത്തിനു മടിയുമില്ല. ഓരോ ഹൃദ്രോഗിയുടെയും ആരോഗ്യത്തിനൊപ്പമായിരുന്നു ആ ജീവിതം. പലപ്പോഴും അത്യാവശ്യമെങ്കില്‍ അത്യാഹിതവിഭാഗത്തില്പോലും ആ സേവനം ലഭിച്ചിരുന്നു.