പിണ്ണാക്കനാട്ട് സ്കൂൾ ബസും സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു
1513581
Thursday, February 13, 2025 12:03 AM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റോഡിൽ പിണ്ണാക്കനാടിന് സമീപം സ്കൂൾ ബസും സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. പിണ്ണാക്കനാട് ടൗണിന് സമീപം സൂര്യ ഗ്യാസ് വളവിലാണ് അപകടമുണ്ടായത്. അപകടത്തിൽ സ്കൂൾ ബസ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. വിദ്യാർഥികളെ കയറ്റുന്നതിനായി പോകും വഴിയായിരുന്നു അപകടം. സ്കൂൾ ബസിൽ വിദ്യാർഥികൾ ആരും ഉണ്ടായിരുന്നില്ല.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സെന്റ് ജോർജ് ബസും ഈരാറ്റുപേട്ടയിലേക്കു വരുകയായിരുന്നസ്കൂൾ ബസുമാണ് കൂട്ടിയിടിച്ചത്. പിന്നാലെ എത്തിയ ഒരു കാറും അപകടത്തിൽപ്പെട്ടു. കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ ബസിന്റെ ഡ്രൈവർ ഭാഗം പൂർണമായും തകർന്നു. പരിക്കേറ്റ സ്കൂൾ ബസ് ഡ്രൈവർ ബിനു കുട്ടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവാഹനങ്ങളുടെയും മുൻവശത്തെ ചില്ലുകൾ തകർന്നു. സ്കൂൾ ബസിന്റെ ബോഡി ഭാഗം ബസിൽ ഉടക്കിയ നിലയിലായിരുന്നു. തിടനാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
സൂര്യ ഗ്യാസ് വളവ് സ്ഥിരം അപകടമേഖലയായി മാറുകയാണ്. മൂന്നുപേർ ഇവിടെ അപകടത്തിൽ മരിച്ചിട്ടുണ്ട്. റോഡ് നവീകരണത്തിന്റെ ഭാഗമായി വളവ് അല്പം നിവർത്തിയെങ്കിലും അപകടങ്ങൾക്ക് കുറവ് വന്നിട്ടില്ല. ആഴ്ചയിൽ ഒരു അപകടമെങ്കിലും ഉണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നു.