രാമപുരം, കടനാട് ഗ്രാമപ്രദേശങ്ങളില്‍ കാട്ടുപന്നിശല്യം രൂക്ഷമാകുന്നു
1513580
Thursday, February 13, 2025 12:03 AM IST
രാമപുരം: രാമപുരത്തും കടനാട്ടിലും ഗ്രാമപ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം വര്‍ധിക്കുന്നു. നിരവധി കര്‍ഷകരുടെ കൃഷികള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചു. മരച്ചീനി കൃഷി ചെയ്തവർക്കാണു കൂടുതലായും നഷ്ടമുണ്ടായിരിക്കുന്നത്. മരച്ചീനിക്കു പൊതുവേ ഇക്കൊല്ലം വിളവ് കുറവാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിന് പുറമേയാണ് കാട്ടുന്നിയുടെ ശല്യവും.
രാമപുരം പഞ്ചായത്തിലെ കിഴതിരി, മേതിരി, ഏഴാച്ചേരി, കൂഴമല, പഴമല, നീറന്താനം, കുറിഞ്ഞി എന്നിവിടങ്ങളിലും കടനാട് പഞ്ചായത്തിലെ അത്താനി, മാനത്തൂര്‍, മറ്റത്തിപ്പാറ, മണിയാക്കുംപാറ എന്നിവിടങ്ങളിലുമാണ് കൂടുതലായും കാട്ടുപന്നിശല്യമുള്ളത്. ചെറിയ ചെക്ക്ഡാമുകളിലും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ പന്നികള്‍ കൂട്ടമായി എത്തുന്നത് പതിവാണ്. കഴിഞ്ഞ ദിവസം രാവിലെ ഏഴിന് കിഴതിരി ഉഴുന്നാലില്‍ തോമസിന്റെ വീടിന്റെ വാതിക്കല് രണ്ടു വലിയ പന്നികള്‍ എത്തിയിരുന്നു.
കാട്ടുപന്നികളെ തുരത്താന്‍ പഞ്ചായത്ത് അധികൃതർ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഇതിനായി കൂടുതല്‍ കാര്യക്ഷതയും തോക്ക് ലൈസന്‍സുമുള്ളവരെ കണ്ടെത്തണമെന്നും കൃഷിക്കാര്‍ ആവശ്യപ്പെട്ടു.