വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന്
1508367
Saturday, January 25, 2025 6:42 AM IST
കോട്ടയം: ദേശീയ പതാക നിര്‍മാണത്തിന് നിലവാരമില്ലാത്ത തുണിത്തരങ്ങള്‍ നല്കിയ വ്യാപാരസ്ഥാപനത്തിന് പിഴയിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എഎസ് ട്രേഡേഴ്സ്, ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ തജീര്‍ എന്നീ സ്ഥാപനങ്ങള്‍ക്കെതിരേയാണ് വിധി.
കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് ശ്രീജ സന്തോഷാണ് പരാതിക്കാരി. മുന്‍കൂറായി വാങ്ങിയ 17 ലക്ഷം രൂപ തിരിച്ചു നല്‍കണമെന്നും സേവനത്തിലെ അപര്യാപ്തതയ്ക്കും അന്യായമായ വ്യാപാര സമ്പ്രദായങ്ങള്‍ക്കും നഷ്ടപരിഹാരമായി 25000 രൂപ നല്‍കണമെന്നുമാണ് വിധി.
കോടതിച്ചെലവായി 5000 രൂപയും നല്‍കണം. അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റായും ആര്. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളായുമുള്ള ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് ഉത്തരവ്.
കേന്ദ്ര സര്‍ക്കാരിന്റെ ഹര് ഘര്‍ തിരംഗ കാമ്പയിന്റെ ഭാഗമായി രണ്ടു ലക്ഷം ദേശീയ പതാകകള്‍ നിര്‍മിക്കാന്‍ കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷനെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. എ.എസ്. ട്രേഡേഴ്സ് പ്രതിനിധികള്‍ റോട്ടോ കോട്ടണ്‍ തുണിത്തരങ്ങള്‍ ഒന്നിന് 17 രൂപ നിരക്കില്‍ നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
എ.എസ്. ട്രേഡേഴ്സ് പ്രതിനിധികളുടെ നിര്‍ദേശപ്രകാരം അര്‍ബന്‍ തജീര്‍ എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 17 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഉറപ്പു നല്കിയ സമയത്ത് ദേശീയ പതാക സാമഗ്രികള്‍ എത്തിച്ചില്ല. പിന്നീടെത്തിച്ച സാധനങ്ങള്‍ ഗുണനിലവാരമില്ലാത്തതായിരുന്നു. നിറവ്യത്യാസവും ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടും അവര്‍ നടപടികളൊന്നുമെടുത്തില്ല.
തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. നല്കിയ തുണിത്തരങ്ങള്‍ ഇന്ത്യയുടെ പതാക കോഡില്‍ അനുശാസിക്കുന്ന അളവും രൂപകല്പനയും അനുസരിച്ച് ദേശീയ പതാക തുന്നാന്‍ അനുയോജ്യമല്ലെന്ന് കമ്മീഷന് കണ്ടെത്തി.