മൂലേക്കടവ് പാലം: രണ്ടാമത്തെ സ്പാനും പൂർത്തിയായി
1485691
Monday, December 9, 2024 7:30 AM IST
വൈക്കം: മറവൻതുരുത്ത് പഞ്ചായത്തിലെ വാഴംമ്പള്ളിയേയും -ചെമ്പ് പഞ്ചായത്തിലെ മൂലേക്കടവിനേയും ബന്ധിപ്പിച്ചു മൂവാറ്റുപുഴയാറിനു കുറുകെ നിർമ്മിക്കുന്ന മുലേക്കടവ് പാലത്തിന്റെ രണ്ടാമത്തെ സ്പാനിന്റെ കോൺക്രീറ്റ് നടന്നു.
പാലത്തിന് ആകെ ഏഴു സ്പാനുകളാണ് ഉള്ളത്. പുഴയ്ക്കിരുകരകളിലും നിലവിലെ റോഡിലെ സഞ്ചാരത്തെ തടസപ്പെടുത്താതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
കിഫ് ബിയിൽ നിന്നു 25 കോടി രൂപയാണ് പാലം നിർമ്മിക്കുന്നതിനായി അനുവദിച്ചിരിക്കുന്നത്. 210 മീറ്റർ നീളമുള്ള പാലത്തിനു 11മീറ്റർ വീതിയുണ്ടാകും. ചെമ്പ് , മറവൻതുരുത്ത് പഞ്ചായത്തുകളുടെ പരിധിയിൽ സമീപ റോഡിനായി സ്ഥലമേറ്റെടുക്കൽ ഇരു പഞ്ചായത്തുകളിലേയും ജനകീയ സമിതികളുടെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ട്.
ചെമ്പ് പഞ്ചായത്തിലെ അവികസിത പ്രദേശമായി തുടരുന്ന ഏനാദിയിലെ ജനങ്ങൾക്ക് പാലം യാഥാർഥ്യമാകുന്നതോടെ ഗതാഗത സൗകര്യം വർധിക്കും. അരനൂറ്റാണ്ടിലധികമായി ഏനാദിനി വാസികൾ മൂലേക്കടവ്പാലത്തിനായി ആവശ്യമുന്നയിച്ചു വരികയാണ്.
വർഷങ്ങളോളം ചങ്ങാട സർവ്വീസാണിവടെ ഉണ്ടായിരുന്നത്.പിന്നിട്ചങ്ങാടം നിലച്ചതോടെ ഇവിടത്തുകാർ പുറം ലോകത്തെത്താൻ കടത്തുവള്ളത്തെ ആശ്രയിച്ചു.ചെമ്പ് - മറവൻതുരുത്തു പഞ്ചായത്തുകൾ സംയുക്തമായാണ് കടത്തു നടത്തുന്നത്.
സാധാരണ തൊഴിലാളികളും ഇടത്തരക്കാരും താമസിക്കുന്ന ഏനാദിയുടെ വികസനത്തിനു സഹായകരമായ പാലം താമസിയാതെ യാഥാർഥ്യമാകുമെന്നതിനാൽ ഏനാദിനിവാസികൾ വലിയ ആഹ്ലാദത്തിലാണ്.
പാലം പൂർത്തിയാകുന്നതോടെ തലയോലപ്പറമ്പ്, മറവൻതുരുത്ത് നിവാസികൾക്ക് മൂലേക്കടവ് പാലത്തിലൂടെ ബ്രഹ്മമംഗലത്തെത്തി അരയൻകാവ് വഴി എറണാകുളത്തേക്കു പോകാനാകും.
ഗതാഗതകുരുക്കിൽ നിന്ന് ഒഴിഞ്ഞ് കിലോമീറ്റർ ലാഭിക്കാവുന്ന ഒരു എളുപ്പ മാർഗമായി ഈ പാലവും പാതയും മാറുന്നതോടെ ചെമ്പ് പഞ്ചായത്തിലെ അവികസിത പ്രദേശമായി തുടർന്നിരുന്ന ഏനാദിയുടെ വികസനത്തിനും ആക്കംകൂടും.