ഹോട്ടലുകൾ നിരക്ക് വർധിപ്പിച്ചു; ജനകീയ പ്രതിഷേധമുയരുന്നു
1485576
Monday, December 9, 2024 5:45 AM IST
കുറവിലങ്ങാട്: ടൗണിലും സമീപസ്ഥലങ്ങളിലുമുള്ള ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് വിലവർധിപ്പിച്ചു. വിലവർധനവ് പ്രതിഷേധാർഹമാണെന്ന നിലപാടുമായി ജനകീയ കൂട്ടായ്മ രംഗത്തെത്തി. ഹോട്ടലുകളിൽ ചായ, കാപ്പി, പെറോട്ട, അപ്പം എന്നിങ്ങനെ എല്ലാ ഇനങ്ങൾക്കും പലയിടങ്ങളിലും വില വർധിപ്പിച്ചിരിക്കുകയാണ്.
12 രൂപയായിരുന്ന ചായയ്ക്ക് 14 രൂപയായാണ് വർധനവ് വരുത്തിയിട്ടുള്ളത്. പെറോട്ടയുടെ വിലയും രണ്ട് രൂപ വർധിപ്പിച്ച് 14ൽ എത്തി. അപ്പം, ദോശ എന്നിവയുടെ വില പത്തിൽനിന്ന് 12 ആക്കി വർധിപ്പിച്ചു.
ഊണിന് 60 രൂപയായിരുന്നത് ചില ഹോട്ടലുകളിൽ 70ലേക്ക് വർധിപ്പിച്ചിട്ടുണ്ട്. പാൽ, പഞ്ചസാര, പലവ്യഞ്ജനങ്ങൾ എന്നിവയുടെ വിലവർധനവില്ലാത്ത സാഹചര്യത്തിലും ഭക്ഷണസാധനങ്ങൾക്ക് വില വർധിപ്പിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നു ജനകീയ സമിതി പറയുന്നു. ടോണി ജോർജ് നിരപ്പേൽ, കെ.കെ. ജോർജ് കൊട്ടാരത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ സംഘടിക്കുന്നത്.