ജനറൽ ആശുപത്രിയിലെ പുതിയ പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും ജനുവരിയിൽ തുറന്നുനൽകും
1485547
Monday, December 9, 2024 5:22 AM IST
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും ജനുവരിയിൽ തുറന്നു നൽകുമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗത്തിനാണ് നിർമാണച്ചുമതല. ഒരുകോടി രൂപ ചെലവിലാണ് നിർമാണമെന്നും അവസാനഘട്ട പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഡോ. എൻ. ജയരാജ് പറഞ്ഞു.
പുതിയ പോസ്റ്റ്മോർട്ടം മുറിയിൽ ഒരു ആധുനിക പോസ്റ്റ്മോർട്ടം ടേബിളും ഒരു മാനുവൽ ടേബിളും ഉണ്ടാകും.മോർച്ചറിയിൽ എട്ട് മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആധുനിക പോസ്റ്റ്മോർട്ടം ടേബിളും മോർച്ചറിക്കുള്ള ഫ്രീസിംഗ് യൂണിറ്റും നൽകുന്നത്.
നിലവിലെ മോർച്ചറിയിൽ നാല് മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഫ്രീസിംഗ് യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് നേരത്തേ നൽകിയിരുന്നു. ഇതോടൊപ്പമാണ് പുതിയ ഫ്രീസിംഗ് യൂണിറ്റുകൂടി നൽകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും ഈ മാസം തന്നെ ഇവ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. എൻ. ജയരാജ് ആശുപത്രിയിലെത്തി നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറ മാത്യു, ബി. രവീന്ദ്രൻ നായർ, ആന്റണി മാർട്ടിൻ, സുമേഷ് ആൻഡ്രൂസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.